ലോകസഭയിൽ വനിതാസംവരണ ബിൽ : 'ബില്ലിനെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ല, ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം'; പ്രധാനമന്ത്രി
ന്യൂഡൽഹി: വനിത സംവരണ ബില്ലിനെ എതിർത്തവർക്ക് രാജ്യത്തെ സ്ത്രീകളുടെ വലിയ എതിർപ്പ് നേരിടേണ്ടി വന്നതാണ് ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതകൾക്ക് അധികാരം ലഭിക്കുന്നതിന് തടസം നിന്നവരോടൊന്നും സ്ത്രീകൾ ക്ഷമിച്ചിട്ടില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാവരും ഒന്നിച്ച് നിന്നാണ് ബിൽ പാസാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.പാർലമെൻ്റ് ചരിത്രത്തിൽ നിർണായക നിമിഷമാണിത്. 25 വർഷത്തിലേറെയായി തുടരുന്ന ആവശ്യമാണ് നിറവേറുന്നത്. ഈ ചരിത്രം കുറിക്കുന്നതിൽ പങ്കാളികളാകുന്നതിൽ എല്ലാവർക്കും അഭിമാനിക്കാം. രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് പുത്തൻ ദിശാബോധം നൽകുകയാണ്. ലോകം മുഴുവൻ രാജ്യത്തെ അംഗീകരിക്കുന്നത് നാമിന്ന് കാണുന്നുണ്ട്. വികസിത ഭാരതം എന്നത് വെറും അടിസ്ഥാന സൗകര്യ വികസനത്തിലോ സാമ്പത്തിക വളർച്ചയുടെ കണക്കുകളിലോ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന വിഭാഗം കൂടി നയരൂപീകരണത്തിൽ പങ്കാളികളാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിന് ഇതിനകം തന്നെ ഏറെ വൈകിയിട്ടുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നേട്ടമായി കാണരുത്
രാഷ്ട്രീയ അളവുകോൽ വച്ച് വനിത സംവരണ ബില്ലിനെ കാണരുതെന്നാണ് എല്ലാവരോടുമുള്ള അഭ്യർഥന. ഇതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല. ഭരണപക്ഷമോ സർക്കാരോ ഇതിൻ്റെ ക്രെഡിറ്റെടുക്കില്ല. ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി ഇതിനെ കാണേണ്ടതില്ല. വേണമെങ്കിൽ ബില്ലിൻ്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാമെന്നും ഇത് കാലത്തിൻ്റെ ആവശ്യമാണെന്നും മോദി പറഞ്ഞു.ഗ്രാമപഞ്ചായത്തുകളിലേക്ക് ജയിച്ചു വരുന്ന സ്ത്രീകൾ നിയമനിർമാണത്തിലും നയരൂപീകരണത്തിലും പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. നിയമസഭകളിലും പാർലമെൻ്റിലും അത് വൈകാതെ യാഥാർഥ്യമാകും. എല്ലാവരേയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുകയാണ് ലക്ഷ്യം. താൻ പഠിച്ച ഭരണഘടന അതാണ് പറയുന്നത്. ഇതിന് പകരം നിങ്ങൾ ഈ നീക്കങ്ങളെ എതിർത്താൽ തനിക്കത് രാഷ്ട്രീയ നേട്ടമാകും. എന്നാൽ പിന്തുണച്ചാൽ എല്ലാവർക്കുമാണ് അതിൻ്റെ നേട്ടം ലഭിക്കുക.
മണ്ഡല പുനർനിർണയത്തിൽ ആശങ്ക വേണ്ട
മണ്ഡല പുനർനിർണയ ബില്ലിലെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന് മാത്രമായോ കന്യാകുമാരിക്കോ മാത്രമായി സർക്കാരിന് ചിന്തിക്കാനോ തീരുമാനമെടുക്കാനോ സാധിക്കില്ല. തെക്കായാലും വടക്കായാലും കിഴക്കായാലും പടിഞ്ഞാറായാലും പുതിയ നിയമനിർമാണങ്ങൾ ആരേയും പ്രതികൂലമായി ബാധിക്കില്ല.വലിയ സംസ്ഥാനങ്ങളായാലും ചെറിയ സംസ്ഥാനങ്ങളായാലും വിവേചനം നേരിടേണ്ടി വരില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ യാതൊരു പക്ഷപാതവും കാണിക്കില്ലെന്നും മോദി വ്യക്തമാക്കി. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയത്തിൽ അനീതി ഉണ്ടാകില്ലെന്നത് സർക്കാരിൻ്റെ ഉറപ്പായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. ഇത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.