വനിത സംവരണ ഭേദ​ഗതി ബിൽ: വോ‌‌ട്ടെടുപ്പിലൂടെ ബില്ലിൽ അവതരണാനുമതി

വനിത സംവരണ ഭേദ​ഗതി ബിൽ: വോ‌‌ട്ടെടുപ്പിലൂടെ ബില്ലിൽ അവതരണാനുമതി

ന്യുഡൽഹി : വനിത സംവരണ ഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി.പ്രതിപക്ഷ ആവശ്യം പരി​ഗണിച്ച്‌ വോട്ടെടുപ്പിലൂടെയാണ് അനുമതി നേ‌ടിയത്.വിഷയവുമായി ബന്ധപ്പെട്ട്   ശക്തമായ വാദപ്രതിവാദങ്ങളാണ്  ഇരു പക്ഷങ്ങളും ലോകസഭയിൽ  ന‌‌ടത്തിയത്.ബിൽ സഭയിൽ കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു.ബില്ലിനെ പിന്തുണച്ച് 251 പേര്‍ വോട്ടു ചെയ്തു. എതിര്‍ത്ത് 185 പേരും വോട്ടു ചെയ്തു. വാദങ്ങള്‍ ചര്‍ച്ചയ്ക്കിടെ അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷ അം​ഗങ്ങളോട് പറഞ്ഞു.

നേരത്തെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ബില്ലുകള്‍ സഭയില്‍ വെച്ചത്. വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകള്‍ ആണ് കേന്ദ്രം കൊണ്ടുവന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേന്ദ്രഭരണ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്.ലോക്‌സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ളതാണ് 'നാരീശക്തി വന്ദന്‍ അധിനിയം' എന്നു പേരിട്ടിട്ടുള്ള ബില്‍. ഇതുപ്രകാരം 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയുടെ അംഗബലം 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിയമസഭകളിലും മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 33 ശതമാനം സ്ത്രീ സംവരണം നടപ്പാകും.

അതേസമയം ഉന്നത സർക്കാർ സ്രോതസുകളും മന്ത്രിമാരും സൂചിപ്പിക്കുന്നത്, മൊത്തം ലോക്‌സഭാ സീറ്റുകളിൽ 50% വർധനവ് ഉണ്ടാകുമെന്നാണ്. സഭയുടെ എണ്ണം 543 ൽ നിന്ന് ഏകദേശം 815-850 ആയി വർധിപ്പിക്കാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്‌ടപ്പെടില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, 50% വർധനവ് ഫോർമുല കരട് ബില്ലിൽ തന്നെ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.

ലോക്‌സഭ വികസിപ്പിക്കാൻ സർക്കാർ സ്രോതസുകൾ നിർദേശിക്കുന്നതാണ് നിർദിഷ്‌ട 50% വർധനവ്, ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി സീറ്റുകളുടെ എണ്ണം വർധിപ്പിക്കും. ഇതിന് കീഴിൽ, ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അവരുടെ പ്രാതിനിധ്യം വർധിക്കാൻ സാധ്യതയുണ്ട്. തമിഴ്‌നാട്: 39 സീറ്റുകൾ 58-59 ആയി വർധിച്ചേക്കാം. കേരളം: 20 സീറ്റുകൾ 30 ആയി വർധിച്ചേക്കാം. ആന്ധ്രപ്രദേശ്: 25 സീറ്റുകൾ 33-37 ആയി വർധിച്ചേക്കാം. തെലങ്കാന: 17 സീറ്റുകൾ 24-25 ആയി ഉയരാം. കർണാടക: 28 സീറ്റുകൾ 41-42 ആയി ഉയരാം. സാധ്യതയുള്ള സീറ്റ് വർധനവ് ഇങ്ങനെ പറയുന്നു.

പ്രതിപക്ഷ പിന്തുണ അനിവാര്യം 

അം​ഗബലം കൂട്ടി വനിതാ സംവരണം നടപ്പാക്കുക എന്ന ബിൽ ഭരണഘടനാ ഭേദ​ഗതി ബില്ലാണ്. അതിനാൽ ഇതു പാസ്സാക്കാൻ പ്രതിപക്ഷ സഹകരണം അനിവാര്യമാണ്. ലോക്‌സഭയില്‍ നിലവിലെ 537 അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടത്. 360 പേരുടെ പിന്തുണയാണ് ബില്‍ പാസ്സാകാന്‍ വേണ്ടത്. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും.രാജ്യസഭയില്‍ ബില്‍ പാസ്സാക്കാനും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 163 മൂന്നാണ് രാജ്യസഭയിലെ ആ മാജിക് സംഖ്യ. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 21 സീറ്റുകള്‍ കുറവുണ്ട്. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയും സഹകരണവും ഇല്ലാതെ ബില്ലുകള്‍ പാസ്സാക്കിയെടുക്കുക കേന്ദ്രസര്‍ക്കാരിന് ദുഷ്‌കരമാണ്.പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകളുടെ എണ്ണം കുറയാന്‍ ഇടയാക്കും

പ്രതിഷേധവുമായി പ്രതിപക്ഷം 

സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ എതിര്‍ത്തു. 2029 ല്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ബില്‍ കൊണ്ടു വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും രക്ഷപ്പെടാനാണ് കേന്ദ്ര നീക്കം. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിതാ സംവരണം നടപ്പാക്കാനാണെങ്കില്‍ 2023 ല്‍ പാസ്സാക്കിയ ബില്‍ അന്നേ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.ബില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്നും 2029 ലെ തെരഞ്ഞെടുപ്പിനെ ബിജെപി ഭയക്കുന്നുണ്ടെന്നും  അതിനാല്‍ ഈ ബില്ലുകള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നു എന്നും വേണുഗോപാല്‍ ആരോപിച്ചു.ബില്‍ ആശങ്കപ്പെടുത്തുന്നത് എന്ന് കെ രാധകൃഷ്‌ണൻ എംപിയും ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രനും  ആവശ്യപ്പെട്ടു. 

ബില്ലുകളുടെ ഗുണദോഷങ്ങളെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസ് എംപി കെ.സി വേണുഗോപാലിന് കഴിയില്ലെന്നും ബില്ലുകൾ അവതരിപ്പിക്കുന്നതിനെതിരെ സാങ്കേതിക എതിർപ്പുകൾ മാത്രമേ ഉന്നയിക്കാൻ കഴിയൂ എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു 

എത്ര സംസ്ഥാനങ്ങളിൽ ബി ജെ പി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടെന്ന് ചോദിച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് , ബി ജെ പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും വിമർശിച്ചു. ബി ജെ പിയെ പോലെ അല്ല സമാജ് വാദി പാർട്ടി സ്ത്രീകൾക്ക് സംഘടനാപരമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശക്‌തീകരണം സമാജ് വാദി പാർട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ അഖിലേഷ്, എന്തിനാണ് വനിതാ ബില്ലിൽ സർക്കാരിന് ഇത്ര തിടുക്കമെന്നും ചോദിച്ചു. വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. 

"നിയമസഭാ മണ്ഡലങ്ങളിലും ലോക്‌സഭാ മണ്ഡലങ്ങളിലും സ്ത്രീകൾക്കുള്ള സംവരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ഇതിനകം അത് ചെയ്‌തിട്ടുണ്ട്. സോണിയ ഗാന്ധി യുപിഎ ചെയർപേഴ്‌സൺ എന്ന നിലയിൽ ഇത് അവതരിപ്പിച്ചപ്പോൾ, ആ സമയത്ത്, ബിജെപി ആ ബില്ലിനെതിരെ വോട്ട് ചെയ്‌തു. അതിനാല്‍ ഈ വിഷയത്തില്‍ ആർഎസ്എസിന്‍റെയും ബിജെപിയുടെയും പ്രതിബദ്ധതയെ നാം ചോദ്യം ചെയ്യേണ്ടതുണ്ട്" -കർണാടക കോൺഗ്രസ് നേതാവ് എഫ് എച്ച് ജക്കപ്പനവർ പറഞ്ഞു.സഭയുടെ നിലവിലെ അംഗബലമായ 543 അംഗങ്ങളെ അടിസ്ഥാനമാക്കി വനിതാ സംവരണം നടപ്പിലാക്കണമെന്നും അതിനെ ഡീലിമിറ്റേഷൻ പ്രക്രിയയുമായി ബന്ധിപ്പിക്കരുതെന്നും കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ലോക്‌സഭയിൽ വാദിച്ചു. സർക്കാരിന്‍റെ ബില്ലുകൾ സ്ത്രീ സംവരണം ഉറപ്പാക്കാൻ യഥാർഥത്തിൽ ലക്ഷ്യമിടുന്നില്ല, പകരം പിൻവാതിലിലൂടെ ഡീലിമിറ്റേഷൻ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഗൊഗോയ് ആരോപിച്ചു

ഡീലിമിറ്റേഷൻ പിൻവാതിൽ ഉദ്യമമല്ല - തേജസ്വി സൂര്യ

ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ ബിജെപി എംപി തേജസ്വി സൂര്യ. ഡീലിമിറ്റേഷൻ വിഷയത്തിൽ പ്രതിപക്ഷം ദക്ഷിണേന്ത്യയിലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ തെക്കൻ ഇന്ത്യയിൽ നിന്നാണ്, കർണാടകയിൽ നിന്നാണ് വരുന്നത്, കഴിഞ്ഞ മൂന്ന് ദിവസമായി ദക്ഷിണേന്ത്യയിലെ ഏറ്റവും അരാജകമായ രീതിയിൽ പ്രതിപക്ഷം ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കുന്നതും പ്രചാരണം നടത്തുന്നതും ഞങ്ങൾ കണ്ടു,ഡീലിമിറ്റേഷൻ പിൻവാതിൽ ഉദ്യമമല്ല. ഭരണഘടന അനുശാസിക്കുന്നത് ഞങ്ങൾ പൂർണ്ണമായും പിന്തുടരുന്നുണ്ട്." -തേജസ്വി സൂര്യ പറഞ്ഞു.

സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ സുവർണ അധ്യായം -ബിജെപി എംപി ധരംശില ഗുപ്‌ത

"നാരി ശക്തി വന്ദൻ അധിനിയം 2026 വെറുമൊരു ബില്ലല്ല, മറിച്ച് സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ്. രാജ്യത്തെ സ്ത്രീകൾ ബില്ലിനെ സ്വാഗതം ചെയ്യുകയും പ്രധാനമന്ത്രി മോദിയോട് നന്ദി പറയുകയും ചെയ്യുന്നു. 2010 ൽ കോൺഗ്രസ് സർക്കാർ 33% സംവരണം നടപ്പിലാക്കിയിരുന്നില്ല. പ്രധാനമന്ത്രി മോദി സ്ത്രീകൾക്ക് ബഹുമാനം നൽകിയിട്ടുണ്ട്, പക്ഷേ കോൺഗ്രസ് എപ്പോഴും അവരെ അപമാനിക്കുകയാണ് ചെയ്‌തത്. പ്രധാനമന്ത്രി മോദി സ്ത്രീകൾക്ക് ആകാശം തൊടാൻ ചിറകുകൾ നൽകുന്നു" -ബിജെപി എംപി ധരംശില ഗുപ്‌ത പറഞ്ഞു.

രാജ്യത്തിൻ്റെ ചരിത്ര നിമിഷം: നരേന്ദ്ര മോദി

വനിതാ സംവരണ ഭേദഗതി ബില്ലിൽ ചർച്ച തുടരുന്നു. രാജ്യത്തിൻ്റെ ചരിത്ര നിമിഷമാണിതെന്നും സുപ്രധാന മാറ്റത്തിന് സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് പുതിയ ദിശ നൽകുമെന്നും മോദി പറഞ്ഞു. ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമാനകരവും ചരിത്രപരവുമായ ചുവടുവപ്പെന്ന് കിരണ്‍ റിജിജു

വനിതാ സംവരണ ബില്‍, മണ്ഡല പുനർനിർണയ ബില്‍ എന്നിവ അഭിമാനകരവും ചരിത്രപരവുമായ ചുവടുവപ്പെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ രിജിജു. 'സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്ന ഈ ബിൽ, വളരെക്കാലമായി കാത്തിരുന്ന ഒന്നാണ്. എല്ലാ പാർട്ടികളും ഇതിനെ പൂർണഹൃദയത്തോടെ പിന്തുണയ്ക്കണമെന്നും അതിർത്തി നിർണയത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കരുതെ'ന്നും കിരണ്‍ റിജിജു പറഞ്ഞു


അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള വനിതാ സംവരണ ഭേദഗതി അടക്കം മൂന്നു ബില്ലുകള്‍ ചര്‍ച്ച ചെയ്യാനാണ് ഏപ്രില്‍ 16, 17, 18 തീയതികളിലായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.  അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രശസ്ത ഗായിക ആശാ ഭോസ്ലേയ്ക്കും ലോക്‌സഭ അനുശോചനം രേഖപ്പെടുത്തിയശേഷമാണ് പാര്‍ലമെന്റ് നടപടികള്‍ക്ക് ഇന്ന്  തുടക്കമായത്..