വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലും മണ്ഡല പുനർനിർണയ ബില്ലും പാർലമെൻ്റിൻ്റെ പ്രത്യേക സിറ്റിങ്ങിൽ ഇന്ന് അവതരിപ്പിക്കും. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നിർണായക ബില്ലുകൾ സഭയിലെത്തിക്കുന്നത്. അടുത്ത സെൻസസ് വരെ കാത്തിരിക്കാതെ 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് 131-ാം ഭരണഘടന ഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നത്.നിലവിലെ 543 ലോക്‌സഭ സീറ്റുകൾ 850 ആയി ഉയർത്താനാണ് നീക്കം. ഇതിൽ 815 അംഗങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. ആകെയുള്ള സീറ്റുകളിൽ മൂന്നിലൊന്ന് (284 സീറ്റുകൾ) വനിതകൾക്കായി സംവരണം ചെയ്യും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വനിതകൾക്കും സംവരണം ഉറപ്പാക്കും. 2026ലെ ഭരണഘടന (131-ാം ഭേദഗതി) ബില്ലും 2026ലെ മണ്ഡല പുനർനിർണയ ബില്ലും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് അവതരിപ്പിക്കുക.കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി) ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. വനിത സംവരണ ഭേദഗതി ബില്ലും പുനർനിർണയ ബില്ലും ഒരുമിച്ച് പാസാക്കുന്നതിനായി ലോക്‌സഭയിലെ ചട്ടം 66ലെ വ്യവസ്ഥകൾ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയവും നിയമമന്ത്രി അവതരിപ്പിക്കും.

പ്രതിപക്ഷത്തിൻ്റെ എതിർപ്പ്

വനിത സംവരണ ബിൽ നടപ്പാക്കുന്നത് വൈകുന്നതിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. 2023ൽ പാസാക്കിയ നാരിശക്തി വന്ദൻ അധിനിയം ഇതുവരെ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ഫ്രാൻസിസ് ജോർജ് എംപി ചോദിച്ചു. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ 33 ശതമാനം സംവരണം നടപ്പാക്കാമെന്നിരിക്കെ മണ്ഡല പുനർനിർണയവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും ആരോപിച്ചു.ജനസംഖ്യ നിയന്ത്രണം മികച്ച രീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം വലിയ തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങും. ഉദാഹരണമായി യുപിയിലെ 80 സീറ്റ് 120ലേക്ക് ഉയർന്നാലും കേരളത്തിലെ 20 സീറ്റ് 30 ആയി മാത്രമേ ഉയരുകയുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഹിന്ദി ഹൃദയഭൂമിയിൽ സീറ്റ് വർധിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം വർധിപ്പിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്. എല്ലാ സംസ്ഥാനത്തും ആകെ സീറ്റുകളുടെ 50 ശതമാനം വർധനയുണ്ടാകണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.

ആരോപണങ്ങൾ തള്ളി ബിജെപി

കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വനിത സംവരണ ബില്ലിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളോ സീറ്റുകളോ കുറയില്ലെന്നും എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതകൾക്ക് അവകാശം ലഭിക്കുന്നത് തടയാനായി പ്രതിപക്ഷം ഓരോ ഒഴിവുകഴിവുകൾ കണ്ടെത്തുകയാണ്.വനിത ശാക്തീകരണത്തിന് കോൺഗ്രസ് അനുകൂലമല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിതെങ്കിലും 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച കോൺഗ്രസിന് വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് എക്കാലവും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡല പുനർനിർണയ കമ്മിഷൻ

ബിൽ പാസായാൽ ഉടൻ മണ്ഡല പുനർനിർണയ കമ്മിഷനെ നിയമിക്കും. സുപ്രീം കോടതി ജഡ്‌ജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ, അതത് സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവർ കമ്മിഷനിൽ അംഗങ്ങളാകും. ഓരോ സംസ്ഥാനത്തും 10 അസോസിയേറ്റ് അംഗങ്ങളും (അഞ്ച് എംപിമാർ, അഞ്ച് എംഎൽഎമാർ) കമ്മിഷനിലുണ്ടാകും.1976ലെ 42-ാം ഭരണഘടന ഭേദഗതി പ്രകാരം ലോക്‌സഭ സീറ്റുകളുടെ എണ്ണം 2001 വരെ മരവിപ്പിച്ചിരുന്നു. പിന്നീട് 2001ലെ 84-ാം ഭേദഗതിയിലൂടെ ഇത് 2026 വരെ നീട്ടുകയായിരുന്നു. വനിത സംവരണ ഭേദഗതിയെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ പാർട്ടികളോട് അഭ്യർഥിച്ചു. രാജ്യത്തെ ഓരോ സഹോദരിമാരുടെയും പെൺമക്കളുടെയും ആഗ്രഹമാണിതെന്നും അത് ഒറ്റക്കെട്ടായി നിറവേറ്റണമെന്നും ചൊവ്വാഴ്‌ച ഡെറാഡൂണിൽ നടന്ന പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.