വനിത സംവരണ ബിൽ : ലോകസഭയിൽ നിർണായക വോട്ടെടുപ്പ് ഇന്ന്

വനിത സംവരണ ബിൽ : ലോകസഭയിൽ  നിർണായക വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്‌സഭയിൽ അവതരിപ്പിച്ച വനിത സംവരണ ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാലിന് നടക്കും. 543 അംഗ സഭയിൽ ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാരിന് ആവശ്യമുള്ളത്. എന്നാൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പ്രതിപക്ഷം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നതിനാൽ വോട്ടെടുപ്പ് ഫലം നിർണായകമാകും. ബിൽ പാസാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ നിലപാട് നിർണായകമാണ്.

ചർച്ച പത്തു മണിക്കൂറിലധികം

പാർലമെൻ്റിൽ പത്ത് മണിക്കൂറിലധികം നീണ്ട ചർച്ചയാണ് ഇന്നലെ ബില്ലിന്മേൽ നടന്നത്. വോട്ടെടുപ്പിന് മുന്നോടിയായി പുലർച്ചെ ഒരുമണിവരെ സഭ സമ്മേളിച്ചിരുന്നു. സഭയിലെ 543 സീറ്റുകളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് നൽകുന്നതിനെ പ്രതിപക്ഷ പാർട്ടികൾ പൂർണമായും അംഗീകരിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് അവകാശം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അത് തടയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് അംഗം ഫ്രാൻസിസ് ജോർജ് എംപി വിമർശിച്ചു. ബില്ലിനോട് എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്നലെ വിയോജിപ്പ് അറിയിച്ചിരുന്നു.

മണ്ഡല പുനർനിർണയം പ്രതിസന്ധി

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെടുത്തി വനിത സംവരണ ബിൽ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ പ്രധാന ആവശ്യം. മണ്ഡല പുനർനിർണയവും വനിത സംവരണവും കൂട്ടിക്കലർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ഇന്ത്യ സഖ്യം ശക്തമായി വാദിക്കുന്നു.നിലവിലെ സാഹചര്യത്തിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് നൽകുന്നത് അംഗീകരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന് സർക്കാർ വഴങ്ങില്ലെന്നാണ് സൂചന. സംസ്ഥാനങ്ങളുടെ സീറ്റ് അനുപാതം കുറയ്ക്കാതെ മണ്ഡലങ്ങൾ മാറ്റി നിശ്ചയിക്കാമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഇക്കാര്യത്തിൽ ഗ്യാരൻ്റി നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.മണ്ഡല പുനർനിർണയം നടക്കുമ്പോൾ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകളുടെ എണ്ണം യാതൊരു കാരണവശാലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സീറ്റുകൾ മുപ്പതായും തമിഴ്‌നാട്ടിൽ അമ്പത്തൊമ്പതായും ഉയരുമെന്നാണ് അമിത് ഷായുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

വോട്ടെടുപ്പ് നിർണായകം

എന്നാൽ സർക്കാരിൻ്റെ ഈ ഉറപ്പുകൾ മുഖവിലയ്‌ക്കെടുക്കാൻ പ്രതിപക്ഷം ഇതുവരെ തയ്യാറായിട്ടില്ല. ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് അത് എളുപ്പമാകില്ല. ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താൻ സർക്കാരിന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി ബിൽ പാസാക്കിയെടുക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.