മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം നടപ്പിലാക്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കുന്നതിനും ലോക്‌സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലാണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് തള്ളപ്പെട്ടത്.വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതിക്ക് സഭയിൽ ഹാജരായി വോട്ട് ചെയ്ത 528 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ആവശ്യമായിരുന്നു.എന്നാൽ എൻ.ഡി.എ മുന്നണിക്ക് ഈ സംഖ്യ തികയ്ക്കാൻ സാധിക്കാത്തതാണ് ബിൽ പരാജയപ്പെടാൻ കാരണമായത്.

​നിലവിലെ 543 ലോക്‌സഭ സീറ്റുകൾ പരമാവധി 850 ആയി വർദ്ധിപ്പിക്കാനായിരുന്നു ഭേദഗതിയിലെ പ്രധാന നിർദ്ദേശം. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി വനിതാ സംവരണം പ്രായോഗികമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിനൊപ്പം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സീറ്റുകൾ വർദ്ധിപ്പിക്കാനും ശുപാർശയുണ്ടായിരുന്നു.അതേസമയം, ​പ്രതിപക്ഷം വനിതാ സംവരണത്തിനും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചയിൽ ആരോപിച്ചു. മണ്ഡല പുനർനിർണ്ണയം വോട്ടർമാരുടെ എണ്ണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ അത്യാവശ്യമാണെന്നും ചില മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം 40 ലക്ഷം വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്ത് മണ്ഡല പുനർനിർണ്ണയം തടഞ്ഞുവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ജാതി സെൻസസ് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ നിഷേധിച്ചു. 2025-ലെ മന്ത്രിസഭാ തീരുമാനപ്രകാരം സെൻസസിനൊപ്പം ജാതി തിരിച്ചുള്ള വിവരശേഖരണവും ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം പിന്തുണയ്ക്കുകയാണെങ്കിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് കൊണ്ടുവരുന്ന ഔദ്യോഗിക ഭേദഗതി അവതരിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും വോട്ടെടുപ്പിൽ ബിൽ പരാജയപ്പെടുകയായിരുന്നു. ഭരണഘടനാ ഭേദഗതി ബില്ലിന് പുറമെ ഡീലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയായിരുന്നു സഭ പരിഗണിച്ചിരുന്നത്. പരാജയപ്പെട്ട ബിൽ ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ തടയുന്നതാണെന്ന് ഭരണപക്ഷം ആരോപിച്ചപ്പോൾ, സർക്കാരിന്‍റെ രാഷ്ട്രീയ അജണ്ടയാണ് ബില്ലിന് പിന്നിലെന്ന് പ്രതിപക്ഷം ആവർത്തിച്ചു.ബില്‍ പാസാകത്തതിനെ തുടര്‍ന്ന് എന്‍ഡിഎ വനിത എംപിമാര്‍ പാര്‍ലെന്‍റിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.