വനിത സംവരണ ബിൽ ഉടൻ നടപ്പാക്കണം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

വനിത സംവരണ ബിൽ ഉടൻ നടപ്പാക്കണം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വനിത സംവരണ ബിൽ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാതെ ഉടൻ നടപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. നിലവിലെ ലോക്‌സഭയിലെ 543 സീറ്റുകളിൽ 33 ശതമാനം സംവരണം നൽകി ബിൽ പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം പാർലമെൻ്റ് പാസാക്കിയ നിയമത്തിൽ അടിയന്തര ഭേദഗതികൾ വരുത്തി 2029നകം യാഥാർഥ്യമാക്കാൻ സർക്കാർ തയാറായാൽ പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

ഗൂഢലക്ഷ്യം പൊളിഞ്ഞു

വനിത സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ബിൽ അവതരിപ്പിച്ച രീതിയും അതിനൊപ്പം മണ്ഡല പുനർനിർണയം, സെൻസസ് തുടങ്ങിയവ കൂട്ടിച്ചേർത്തതും പരിശോധിച്ചാൽ സർക്കാരിൻ്റെ യഥാർഥ ലക്ഷ്യം വ്യക്തമാകും. ബിൽ ഉടനടി നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാമായിരുന്നു. കേവലം രാഷ്ട്രീയ ലാഭം മാത്രമാണ് അവർ ലക്ഷ്യമിട്ടത്. ജാതിവിവരങ്ങൾ പരിഗണിക്കാതെ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താനുള്ള പൂർണ സ്വാതന്ത്ര്യമാണ് ബില്ലിലൂടെ നേടിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

സർക്കാരിൻ്റെ ഗൂഢലക്ഷ്യം പൊളിച്ചടുക്കാൻ കഴിഞ്ഞത് പ്രതിപക്ഷത്തിൻ്റെ വലിയ വിജയമാണ്. വനിതകളുടെ പേരിൽ ദീർഘകാലം ഭരണത്തിലിരിക്കാനുള്ള സർക്കാരിൻ്റെ ശ്രമമാണ് പരാജയപ്പെട്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നത് സർക്കാരിനെ വലിയ രൂപത്തിൽ ഭയപ്പെടുത്തിയിട്ടുണ്ട്.

ബിൽ പാസാക്കാൻ സർക്കാരിന് ഇത്രത്തോളം ആത്മാർഥതയുണ്ടെങ്കിൽ സെൻസസിനോ പുനർനിർണയത്തിനോ കാത്തുനിൽക്കേണ്ടതില്ല. മറ്റു കാര്യങ്ങളുമായി ബന്ധിപ്പിച്ച് ബില്ലിനെ വഴിതിരിച്ചുവിടാൻ സർക്കാർ ശ്രമിക്കരുത്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് - പ്രിയങ്കാഗാന്ധി പറഞ്ഞു.