യുപിയില്‍ ശമ്പള വര്‍ധനവിനായി തൊഴിലാളി പ്രക്ഷോഭം : നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി

ലഖ്‌നൗ: ശമ്പള വർധനവ് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ വിവിധ വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുടത്തു. പലയിടങ്ങളിലും വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

പ്രധാന മേഖലകളിൽ അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. ഭരണകൂടം സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടപ്പോൾ, നയപരമായ പരാജയങ്ങളാണ് തൊഴിലാളികളുടെ അതൃപ്‌തിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.ഉത്തർപ്രദേശിലെ വ്യാവസായിക ഹബ്ബായ നോയിഡ (ഗൗതം ബുദ്ധ നഗർ) ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം സംസ്ഥാന ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്. വിവിധ വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികൾ ശമ്പള വർധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ടാണ് തെരുവിലിറങ്ങിയിരിക്കുന്നത്.പണപ്പെരുപ്പവും ജീവിതച്ചെലവും കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ വേതനം ഒന്നിനും തികയുന്നില്ല എന്നതാണ് തൊഴിലാളികളുടെ പ്രധാന പരാതി. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ഫാക്ടറികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഒരേസമയം പ്രതിഷേധവുമായി രംഗത്തെത്തിയത് ഉൽപ്പാദനത്തെയും ക്രമസമാധാനത്തെയും ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായതായും റിപ്പോർട്ടുകളുണ്ട്.



സർക്കാർ ഇടപെടലും സമിതി രൂപീകരണവും

സ്ഥിതിഗതികൾ ശാന്തമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഇടപെടുകയും പ്രശ്നപരിഹാരത്തിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്‌തു. ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കമ്മീഷണറുടെ അധ്യക്ഷതയിലുള്ള സമിതിയിൽ എം.എസ്.എം.ഇ, ലേബർ ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിമാരും അംഗങ്ങളാണ്. അഞ്ച് തൊഴിലാളി യൂണിയൻ പ്രതിനിധികളെയും മൂന്ന് വ്യവസായ അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇരുപക്ഷത്തെയും കേൾക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്.സംസ്ഥാനത്തെ വ്യാവസായിക സമാധാനം തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും എന്നാൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ 'ഇരട്ട എൻജിൻ' സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എൻജിൻ സർക്കാർ സുരക്ഷ, സുഭരണം, സേവനം, വ്യവസായവൽക്കരണം എന്നിവയിൽ ഒരു മാതൃക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തിൻ്റെ സമാധാനവും പുരോഗതിയും തടയാൻ ചിലർ ഗൂഢാലോചന നടത്തുന്നു" യോഗി പറഞ്ഞു.

സർക്കാരിനെതിരെ പ്രതിപക്ഷം

ബിജെപി സർക്കാർ തൊഴിലാളികളുടെ ആശങ്കകൾ അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സർക്കാർ നയങ്ങൾ മുതലാളിമാരെ സഹായിക്കുന്നതാണെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു. പണപ്പെരുപ്പം ജനങ്ങളുടെ നടുവൊടിക്കുമ്പോൾ കുറഞ്ഞ വേതനത്തിൽ ജീവിക്കാൻ യുവാക്കൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് പറഞ്ഞു."പരസ്യങ്ങൾ കൊണ്ട് വിശപ്പടക്കാൻ കഴിയില്ല, കണ്ണീർവാതക ഷെല്ലുകൾ വിശപ്പിന് മറുപടിയല്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിപി രാജീവ് കൃഷ്‌ണ, എഡിജിപി (ക്രമസമാധാനം) അമിതാഭ് യാഷ് എന്നിവരുടെ നേതൃത്വത്തിൽ ലഖ്‌നൗവിലെ കൺട്രോൾ റൂമിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ക്രമസമാധാനം നിലനിർത്താൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.