അർജന്റീന താരങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ചോർന്നു; ലോകകപ്പിന് മുൻപേ ഗുരുതര സുരക്ഷാ വീഴ്ച

ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ഫുട്ബോൾ ടീമിനെ ആശങ്കയിലാഴ്ത്തുന്ന സുരക്ഷാ വീഴ്ച . അമേരിക്കയിൽ നടന്ന സന്നാഹ മത്സരത്തിനിടെ ടീമിലെ എല്ലാ താരങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ പുറത്തായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഐസ്ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക ടീം ഷീറ്റിലാണ് പിഴവ് സംഭവിച്ചത്. മാധ്യമങ്ങൾക്കും മാച്ച് ഒഫീഷ്യലുകൾക്കും വിതരണം ചെയ്ത രേഖയിൽ താരങ്ങളുടെ പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മറച്ചുവെക്കാതെയാണ് നൽകിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.ക്യാപ്റ്റൻ ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ് എന്നിവരടക്കം സ്റ്റാർട്ടിംഗ് ഇലവനിലെയും പകരക്കാരുടെ ബെഞ്ചിലെയും മുഴുവൻ താരങ്ങളുടെയും വിവരങ്ങൾ ചോർന്നതായാണ് വിവരം. സാധാരണയായി ഇത്തരത്തിലുള്ള ഔദ്യോഗിക രേഖകളിൽ തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെടാറുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ലഭിക്കുന്ന പതിപ്പിൽ അവ സെൻസർ ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അത് പാലിക്കപ്പെടാതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ഓബേൺ നഗരത്തിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ടർക്കിഷ് എയർലൈൻസിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ‘റോഡ് ടു 26’ പരിപാടിയുടെ ഭാഗമായായിരുന്നു ഈ സന്നാഹ മത്സരം.സംഭവത്തെ തുടർന്ന് സംഘാടകരുടെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. താരങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകത്തും സൈബർ സുരക്ഷാ വിദഗ്ധർക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്