FIFA WORLD CUP 2026 : ജപ്പാനെതോൽപ്പിച്ച് ബ്രസീൽ ലോകകപ്പ് അവസാന 16-ലേക്ക്

ഹൂസ്റ്റൺ: ഫികപ്പിന്റെഫ ലോക റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക് (Round of 16) യോഗ്യത നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന കാനറികൾ, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് ആവേശകരമായ വിജയം സ്വന്തമാക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരുന്ന ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ നാടകീയ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.

ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഐവറി കോസ്റ്റോ നോർവേയോ ആയിരിക്കും ബ്രസീലിന്‍റെ എതിരാളികൾ.


മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാൽ 29-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ജപ്പാനാണ് ആദ്യ ഗോൾ നേടിയത്. ബ്രസീൽ താരങ്ങളുടെ പിഴവിൽ നിന്ന് മിഡ്ഫീൽഡിൽ വെച്ച് പന്ത് പിടിച്ചെടുത്ത കൈഷു സാനോ, പ്രതിരോധനിരയെ വെട്ടിച്ച് ബോക്‌സിനു വെളിയിൽ നിന്ന് തൊടുത്ത മനോഹരമായ വലങ്കാലൻ ഷോട്ട് ബ്രസീൽ വലയിൽ ചെന്നുകയറുകയായിരുന്നു.ഒരു ഗോളിന് പിന്നിലായതോടെ ബ്രസീൽ ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീലിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ മികച്ച സേവുകൾ വില്ലനായി. ഒടുവിൽ 56-ാം മിനിറ്റിൽ ബ്രസീൽ കാത്തിരുന്ന സമനില ഗോൾ പിറന്നു. ഗബ്രിയേൽ മഗൽഹേസ് നൽകിയ ക്രോസിൽ നിന്ന് മിഡ്ഫീൽഡർ കാസെമിറോ ഉഗ്രൻ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ജപ്പാൻ ഗോൾകീപ്പർ സുസുക്കി കൈകൾ പരമാവധി നീട്ടി ശ്രമിച്ചെങ്കിലും പന്ത് തടുക്കാനായില്ല.തുടർന്ന് 58-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന് ബ്രസീലിനെ മുന്നിലെത്തിക്കാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും ഇടത് ബോക്സിൽ നിന്നുള്ള ഷോട്ട് സുസുക്കി തട്ടിയകറ്റിയതിനെ തുടർന്ന് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. മികച്ച ഫോമിലായിരുന്ന സുസുക്കി മത്സരത്തിലുടനീളം നാല് നിർണായക സേവുകളാണ് നടത്തിയത്.മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 എന്ന സമനിലയിലായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പരിക്കേറ്റ കാസെമിറോയ്ക്ക് കളം വിടേണ്ടി വന്നത് ബ്രസീലിന് ആശങ്കയുണ്ടാക്കി. എന്നാൽ ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശക്കടലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്‍റെ വിജയഗോൾ നേടി. രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ താരം ജപ്പാന്‍റെ പ്രതിരോധം തകർത്ത് പന്ത് വലയിലാക്കുകയായിരുന്നു. ഈ പരാജയത്തോടെ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ലെന്ന ജപ്പാന്‍റെ ദുരവസ്ഥ തുടരുകയാണ്.

1958-ൽ സ്വീഡനിൽ വെച്ച് 17 കാരനായ പെലെയുടെ ഇരട്ട ഗോൾ കരുത്തിൽ ബ്രസീൽ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ചൂടിയതിന്‍റെ കൃത്യമായ വാർഷിക ദിനത്തിലായിരുന്നു ഈ നാടകീയ വിജയം എന്ന പ്രത്യേകതയുമുണ്ട്. ജപ്പാനെതിരെ ബ്രസീൽ നേടുന്ന 12-ാമത്തെ വിജയമാണിത്. മൊറോക്കോയോട് സമനില വഴങ്ങുകയും ഹെയ്‌തി, സ്കോട്ട്‌ലൻഡ് എന്നിവരെ തോൽപ്പിക്കുകയും ചെയ്തുകൊണ്ട് ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ബ്രസീൽ നോക്കൗട്ടിൽ എത്തിയത്. നെതർലൻഡ്‌സ്, സ്വീഡൻ എന്നിവരോട് സമനില പാലിച്ചും ടുണീഷ്യയെ തോൽപ്പിച്ചും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ റൗണ്ട് ഓഫ് 32-ൽ എത്തിയത്