ബ്രസീലിനെ വട്ടംകറക്കിയ കാണികളെ ആവേശംകൊള്ളിച്ച മൊറോക്കോടീമിലെ 18 കാരൻ

ബ്രസീലിനെ വട്ടംകറക്കിയ  കാണികളെ ആവേശംകൊള്ളിച്ച മൊറോക്കോടീമിലെ 18 കാരൻ



മുംബൈ : ബ്രസീൽ -മൊറോക്കോ  മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ അത്   വിനീഷ്യസ് ജൂനിയറോ , കാസിമിറോയോ  റാഫിഞ്ഞയോ ആയിരിക്കില്ല . ബ്രസീലിൻ്റെ ഈ വമ്പൻമാരോട് പൊരുതാനായി  കോച്ച് വാലിദ് റെഗ്രാഗു  മധ്യനിരയിൽ ഇറക്കി,  ബ്രസീൽ പടയെ നേരിട്ട മൊറോക്കോടീമിലെ   ആ  പതിനെട്ടുകാരൻ ആയിരിക്കും.അതെ, പേര്‌ അയ്യൂബ് ബൗആദി. ക്ലാസ്‌ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന ബ്രസീലിനെ പോലെയുള്ള വമ്പൻ ടീമിനെതിരെ ഒരു 18 കാരൻ പയ്യനെ മധ്യനിരയിൽ ഇറക്കുമ്പോൾ ആദ്യമൊന്ന് പലരും അത്ഭുതപ്പെട്ടിരുന്നു. എന്നാൽ കളി തുടങ്ങി മിനിറ്റുകൾക്കകം തന്നെ ആ തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് ഈ കൗമാരക്കാരൻ തെളിയിച്ചു. ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടി കളിക്കുന്ന അയ്യൂബ് ബൗആദി എന്ന മിഡ്‌ഫീൽഡറാണ് ബ്രസീലിൻ്റെ വമ്പൻ താരങ്ങളെ പൂട്ടിയത്.

മത്സരത്തിലുടനീളം കാനറിപ്പടയുടെ മുന്നേറ്റങ്ങളുടെ നടുവൊടിച്ച് ഈ 18കാരൻ ഹീറോയായി. 91% പാസിംഗ് കൃത്യത കളിയിൽ നൽകിയ താരം, 66 പാസുകളിൽ 60 എണ്ണവും കൃത്യമായിരുന്നു. 100% ഫൈനൽ തേർഡ് പാസുകൾ നല്‍കിയ ഈ കൊച്ചു പ്രതിഭ ബ്രസീൽ ബോക്‌സിന് മുന്നിൽ നൽകിയ 16 പാസുകളും ഒന്നുപോലും പിഴയ്ക്കാതെ സഹതാരങ്ങളിലേക്ക് എത്തിച്ചു. പ്രതിരോധത്തിലെ കരുത്തായി താരം മത്സരത്തില്‍ മുന്നിട്ടുനിന്നു. 9 തവണ നേർക്കുനേർ പോരാട്ടങ്ങളിൽ വിജയിച്ച താരം, 6 തവണ പന്ത് വീണ്ടെടുക്കുകയും 5 തവണ ബ്രസീൽ പാസുകൾ തടയുകയും ചെയ്‌തതോടെ 18 കാരൻ്റെ ചോരത്തിളപ്പ് ഫുട്‌ബോള്‍ ശരിക്കും കണ്ടു.