രാജ്യത്തെവിടെയും ആംബുലൻസ് വിളിക്കാൻ ഇനി 112; പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്രം

രാജ്യത്തെവിടെയും ആംബുലൻസ് വിളിക്കാൻ ഇനി 112; പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ആംബുലൻസ് സേവനങ്ങൾ ഏകീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ദേശീയ ആംബുലൻസ് സേവന മാർഗരേഖ (എൻഎഎസ് 2026) കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നഡ്ഡയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി രാജ്യത്തെ ആദ്യത്തെ സമഗ്ര മാർഗരേഖ പ്രഖ്യാപിച്ചത്.ആംബുലൻസ് പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ ഏർപ്പെടുത്തി അടിയന്തര വൈദ്യസഹായ സംവിധാനം മെച്ചപ്പെടുത്തുകയാണ് പുതിയ മാർഗരേഖയുടെ ലക്ഷ്യം. ആംബുലൻസുകളുടെ തരംതിരിക്കൽ, മരുന്നുകൾ, ജീവനക്കാരുടെ എണ്ണം, പരിശീലന പ്രോട്ടോക്കോളുകൾ, അണുബാധ തടയുന്നതിനുള്ള നടപടികൾ എന്നിവ ഇതിൽ വ്യക്തമാക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു.

ജിപിഎസ് സംവിധാനമുള്ള വാഹന ട്രാക്കിങ്, കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകളുമായുള്ള സംയോജനം എന്നിവയും ഇതിൻ്റെ ഭാഗമാണ്. പ്രതികരണ സമയം, ഗുണനിലവാരം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാനും മാർഗരേഖ ഊന്നൽ നൽകുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർക്ക് മികച്ച പരിശീലനം നൽകാനും നിർദേശമുണ്ട്.അടിയന്തര ഘട്ടങ്ങളിൽ രോഗികളും ആരോഗ്യ പരിരക്ഷ സംവിധാനവും തമ്മിലുള്ള ആദ്യ സമ്പർക്കമെന്ന നിലയിൽ ആംബുലൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സാങ്കേതികമായി മികച്ചതുമാകാൻ പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ വഴിയൊരുക്കും. രാജ്യത്തെ പ്രീ-ഹോസ്പിറ്റൽ കെയർ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനൊപ്പം ഓരോ പൗരനും സമയബന്ധിതവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുന്നത്.


എഐഎസ്-125 മാനദണ്ഡം നിർബന്ധം

എല്ലാ ആംബുലൻസുകൾക്കും എഐഎസ്-125 മാനദണ്ഡങ്ങൾ നിർബന്ധമാക്കിയതാണ് പുതിയ മാർഗരേഖയിലെ പ്രധാന സവിശേഷത. അടിയന്തര വൈദ്യസഹായ വാഹനങ്ങളുടെ സുരക്ഷ, രൂപകൽപന, ഉപകരണങ്ങൾ എന്നിവയ്ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാൻ ഇത് സഹായിക്കും. സാങ്കേതികവിദ്യയിലൂന്നിയുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങൾക്കാണ് മാർഗരേഖ മുൻഗണന നൽകുന്നത്. ഇതിനായി ജിപിഎസ് ട്രാക്കിങ്, ഡിജിറ്റൽ കോൾ മാനേജ്മെൻ്റ്, ഇൻ്റലിജൻ്റ് ഡിസ്പാച്ച് സംവിധാനങ്ങൾ, തത്സമയ നിരീക്ഷണ ഡാഷ്ബോർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് ഡിസ്പാച്ച് സെൻ്ററുകൾ സ്ഥാപിക്കാൻ നിർദേശിക്കുന്നു. ഏറ്റവും അടുത്തുള്ള ആംബുലൻസ് വേഗത്തിൽ അയക്കാനും ഏകോപനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

112 നമ്പറുമായി സംയോജിപ്പിക്കും

ആംബുലൻസ് സേവനങ്ങൾ ദേശീയ എമർജൻസി നമ്പറായ 112-മായി സംയോജിപ്പിക്കും. ഇതോടെ രാജ്യത്തുടനീളം ഒറ്റ പ്ലാറ്റ്ഫോമിലൂടെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ പൗരന്മാർക്ക് കഴിയും. ആശുപത്രികൾ, റഫറൽ സെൻ്ററുകൾ, ആംബുലൻസ് സ്റ്റേഷനുകൾ, അപകടസാധ്യതയുള്ള മേഖലകൾ, ലഭ്യമായ ആശുപത്രി കിടക്കകൾ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവ ഡിജിറ്റലായി മാപ്പ് ചെയ്യാൻ ജിഐഎസ് അധിഷ്ഠിത എമർജൻസി പ്ലാനിങ് അവതരിപ്പിക്കുന്നുണ്ട്. രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ആശുപത്രി വേഗത്തിൽ കണ്ടെത്താനും യാത്രാസമയം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.സ്ഥിരമായ വിന്യാസ രീതികൾക്ക് പകരം ഡാറ്റ അടിസ്ഥാനമാക്കിയുള്ള ആംബുലൻസ് വിന്യാസമാണ് മറ്റൊരു പ്രധാന മാറ്റം. എമർജൻസി കോളുകളുടെ പ്രവണത, ഗതാഗതക്കുരുക്ക്, അപകട മേഖലകൾ, ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ, ജനസാന്ദ്രത എന്നിവ വിശകലനം ചെയ്ത് ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ ആംബുലൻസുകൾ വിന്യസിക്കാൻ മാർഗരേഖ നിർദേശിക്കുന്നു. ഗ്രാമീണ, വിദൂര മേഖലകളിൽ മികച്ച സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കും. സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനും കാര്യക്ഷമമായ ആംബുലൻസ് സേവനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ മാർഗരേഖയ്ക്ക് അനുസൃതമായി അടിയന്തര ഗതാഗത സംവിധാനങ്ങൾ പരിഷ്കരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.