"വിദ്യാർത്ഥികളുടെ ജീവിതം വെച്ച് കേന്ദ്ര സർക്കാർ കളിക്കുകയാണ് ": സിജെപി സമരവേദി സന്ദർശിച്ച് എംഎ ബേബിയും ബൃന്ദ കാരാട്ടും
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഇതോടൊപ്പം പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും നിരാഹാര സമരം തുടരുകയാണ്. സമരം ചെയ്യുന്നവർക്ക് പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു.പ്രതിഷേധ സ്ഥലത്തെത്തിയ സിപിഐഎം നേതാവ് എം.എ. ബേബി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ജീവിതം വെച്ച് കേന്ദ്ര സർക്കാർ കളിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ബൃന്ദ കാരാട്ടും അദ്ദേഹത്തോടൊപ്പം സമരവേദിയിലെത്തി.
പരീക്ഷാ ക്രമക്കേടുകളിലെ സർക്കാർ അനാസ്ഥയ്ക്കെതിരെയാണ് സോനം വാങ്ചുക്ക് നിരാഹാര സമരം നയിക്കുന്നത്. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതിനിടെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കളും ഖാപ്പ് പ്രതിനിധികളും ഇന്ന് സമരപ്പന്തലിലെത്തും.