ആയത്തുള്ള ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ ബിഹാർ ഗവർണറും പബിത്ര മാർഗരിറ്റയും പങ്കെടുക്കും

ആയത്തുള്ള ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ  ബിഹാർ ഗവർണറും പബിത്ര മാർഗരിറ്റയും പങ്കെടുക്കും

ന്യൂഡൽഹി : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും. ജൂലൈ 4 മുതൽ 9 വരെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ നേരിട്ട് ക്ഷണക്കത്ത് അയച്ചിരുന്നെങ്കിലും, ആ സമയത്ത് പ്രധാനമന്ത്രിയുടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചത്.ജൂലൈ 4-ന് ടെഹ്‌റാനിൽ ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകൾക്ക് ശേഷം, ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും ഖബറടക്കം നടക്കുക. നേരത്തെ മാർച്ച് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ അന്ന് നിലനിന്നിരുന്ന സംഘർഷാവസ്ഥയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം നിലനിർത്താൻ ഇറാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ ക്ഷണത്തെ വിദഗ്ധർ കാണുന്നത്. അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടികളിലും മറ്റ് ഉഭയകക്ഷി ചർച്ചകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢമായിരുന്നു.