ആർ .രാജഗോപാലിന് പാസ്പോർട്ട് നിഷേധിച്ച സംഭവo: മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: ദ ടെലിഗ്രാഫ് മുൻ എഡിറ്ററും രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ആർ രാജഗോപാലിന് പാസ്പോർട്ട് നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെടുന്നു . രാജഗോപാലിന് അടിയന്തരമായി പാസ്പോർട്ട് അനുവദിക്കണമെന്നും അതിനുള്ള നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഇന്ന് വി ഡി സതീശൻ കത്തയയ്ക്കും.ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി രാജഗോപാലിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലിന് സർക്കാർ പാസ്പോർട്ട് നിഷേധിച്ചിട്ടുള്ളത്.
രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഈ ദുരനുഭവം വലിയ ചർച്ചയായതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്നും, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാസ്പോർട്ട് തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് അദ്ദേഹം ഔദ്യോഗികമായി കത്തയയ്ക്കുന്നത്.
ആർ രാജഗോപാലിൻ്റെ കുറിപ്പ്
30 വർഷമായി താൻ താമസിക്കുന്ന ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പാസ്പോർട്ട് അപേക്ഷ പരിശോധന നടത്തിയ പൊലീസ് പ്രതികൂല റിപ്പോർട്ട് നൽകിയെന്ന് രാജഗോപാൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതുമൂലം പതിറ്റാണ്ടുകൾ പഴക്കമുള്ള പല കൃത്യരേഖകളും തപ്പിയെടുക്കാൻ സമയം മുഴുവൻ വിനിയോഗിക്കേണ്ട അവസ്ഥയിലായി.ബംഗാളിലെ 27 ലക്ഷം വോട്ടർമാരെപ്പോലെ തൻ്റെ പേരും പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റും മറ്റു പല രേഖകളും ഹാജരാക്കിയിട്ടും ഒഴിവാക്കിയതിൻ്റെ കാരണം ഇതുവരെ അധികൃതർ അറിയിച്ചിട്ടില്ല. അപ്പീൽ ഇപ്പോഴും ട്രൈബ്യൂണലിൻ്റെ പരിഗണനയിലാണ്. പാസ്പോർട്ട് പുതുക്കുന്നതിൻ്റെ ഭാഗമായി ബയോമെട്രിക് നടപടികൾ മാർച്ച് 19ന് പൂർത്തിയാക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതു മൂലം പൊലീസ് ക്ലിയറൻസ് ലഭിച്ചിട്ടില്ല. പാസ്പോർട്ട് പുതുക്കി ലഭിക്കാത്തതു മൂലം യുഎസിൽ ഏപ്രിൽ 17ന് നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറിച്ചു.
മാതാപിതാക്കളുടെ രേഖകൾ ശേഖരിക്കുന്നു
വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്യുകയും പാസ്പോർട്ട് പുതുക്കി നൽകാതിരിക്കുകയും ചെയ്തതോടെ രാജഗോപാലിൻ്റെ പൗരത്വം സംബന്ധിച്ചുള്ള സമസ്യകൾക്ക് ഉത്തരം നൽകാനാവാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ കിട്ടാവുന്നത്ര രേഖകൾ ശേഖരിച്ച് നൽകാനാണ് നിലവിലെ നീക്കം. അദ്ദേഹത്തിൻ്റെ പിതാവ് വി രാമദാസ് ദീർഘകാലം എൻഎസ്എസിൻ്റെ കീഴിലുള്ള തിരുവനന്തപുരം എംജി കോളജിൽ അധ്യാപകനായിരുന്നു.ധനുവച്ചപുരം എൻഎസ്എസ് കോളജിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ഗാന്ധി സ്മാരകനിധിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം 2016ലാണ് അന്തരിച്ചത്. അമ്മ രാധാദേവി തമ്പാനൂർ വനിത ട്യൂട്ടോറിയൽ കോളജിൽ അധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ് 1959ൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസിൽനിന്നുമാണ് എസ്എസ്എൽസി പാസായത്. അതിൻ്റെ രേഖകളും ഇന്ന് പരീക്ഷാഭവനിൽനിന്നും ശേഖരിക്കും.
"പൗരത്വ അവകാശങ്ങളുടെ ലംഘനo"
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയുടെ ഭാഗമായാണ് പേര് നീക്കം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനെത്തുടർന്ന് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകന് നേരിടേണ്ടിവന്ന ഈ ദുരനുഭവം പൗരത്വ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജഗോപാലിനെപ്പോലെ അറിയപ്പെടുന്ന ഒരാൾക്ക് ഈ ദുരവസ്ഥയുണ്ടായെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചോദിച്ചു.ജൂലൈ 17നാണ് പാസ്പോർട്ടുമായി ബന്ധപ്പെട്ട് അടുത്ത ഹിയറിങ് നടക്കുന്നതെന്ന് ആർ രാജഗോപാൽ ഇടിവി ഭാരതിനോട് വ്യക്തമാക്കി. അതിൽ തൻ്റെ ഭാഗം കൃത്യമായി വിശദീകരിക്കും. തൻ്റെ പാസ്പോർട്ട് പുതുക്കി നൽകുന്നതിലുള്ള തടസം മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി ഇന്നലെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇടപെട്ട മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.