കേരളത്തിൽ 1157 സ്‌കൂള്‍ കെട്ടിടങ്ങള്‍ സുരക്ഷിതമല്ല ; ഇതിൽ 875 സർക്കാർ സ്‌കൂളുകള്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മുമ്പോട്ട് കുതിയ്‌ക്കുമ്പോഴും 1,157 സ്‌കൂള്‍ കെട്ടിടങ്ങള്‍ ക്ലാസുകൾ നടത്താൻ യോഗ്യമല്ലെന്ന് പുതിയ കണക്കുകൾ. തദ്ദേശ സ്വയംഭരണവകുപ്പ് നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ നേടിയ നേട്ടങ്ങൾ എടുത്തുകാണിച്ചതിനു പിന്നാലെയാണ് കണക്കുകൾ വിശദീകരിച്ചത്. ഇതിൽ 875 സർക്കാർ സ്‌കൂളുകളും 262 എയ്‌ഡഡ് സ്ഥാപനങ്ങളും 20 അൺ എയ്‌ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചും കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്‌റ്റ്മെൻ്റ് ഫണ്ട് ബോർഡ്) പദ്ധതികൾ വഴിയും പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതിനോടൊപ്പം അറ്റകുറ്റപ്പണികൾക്കായി പ്രത്യേക വിഹിതം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ജില്ല തിരിച്ചുള്ള കണക്കിൽ സുരക്ഷിതമല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങളുടെ എണ്ണത്തിൽ കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 143 സ്‌കൂളുകളുടെ കെട്ടിടങ്ങളാണ് ജില്ലയിൽ ക്ലാസുകള്‍ക്ക് അനുയോജ്യമല്ലാത്തത്. തൊട്ടുപിന്നാലെ ആലപ്പുഴ (134), തിരുവനന്തപുരം (120) എന്നീ ജില്ലകളുമുണ്ട്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഓരോ അധ്യയന വർഷവും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ സ്‌കൂളുകളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നേടേണ്ടതുണ്ട്