നേപ്പാളിൽ ബസ് മറിഞ്ഞ് 18 പേർ മരിച്ചു

നേപ്പാളിൽ  ബസ് മറിഞ്ഞ് 18 പേർ മരിച്ചു

കാഠ്‌മണ്ഡു: നേപ്പാളിൽ  പൊഖരയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 18 പേർ മരിച്ചു. 26 യാത്രകാർക്ക് പരിക്ക്. ത്രിശൂലി നദിയിലേക്ക് ബസ് മറിഞ്ഞാണ് അപകടം.പുലർച്ചെ 1:15 ഓടെയാണ് അപകടം. ബെനിഘട്ട് ചരൗണ്ടിക്കടുത്തുള്ള ചിനാധാര എന്ന സ്ഥലത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ മരിച്ചിട്ടുണ്ടെന്ന് ജില്ലാ ട്രാഫിക് പൊലീസ് ഓഫിസ് മേധാവി ദാദിങ് ശിശിർ താപ്പ പറഞ്ഞു.ബസിനുള്ളില്‍ കുടുങ്ങി കിടന്ന യാത്രകാരെ രക്ഷപ്പെടുത്തിയതായി സായുധ പൊലീസ് സേനയുടെ വക്താവ് ബിഷ്‌ണു പ്രസാദ് ഭട്ട പറഞ്ഞു. പരിക്കേറ്റ 26 യാത്രകാരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി ഹൈവേ റെസ്‌ക്യൂ മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ രാജ്‌കുമാർ താക്കുരി പറഞ്ഞു. ബസിൽ 35ലധികം യാത്രക്കാരുണ്ടായിരുന്നു.അപകടത്തിൽ മരിച്ച ഒരാള്‍ ന്യൂസിലൻഡിൽ നിന്നുള്ളയാളാണ്. സംഭവത്തിൽ ഡച്ച്, ജാപ്പനീസ്‌ വനിതകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും അമിത വേഗതയായിരിക്കാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായി ദി കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. അപകടം രാത്രിയായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.