'പ്രതിദിനം 20 ഇന്ത്യൻ തൊഴിലാളികൾ വിദേശത്ത് മരിക്കുന്നു'; ഞെട്ടിക്കുന്ന കണക്ക് ലോകസഭയിൽ

'പ്രതിദിനം 20 ഇന്ത്യൻ തൊഴിലാളികൾ വിദേശത്ത് മരിക്കുന്നു'; ഞെട്ടിക്കുന്ന കണക്ക് ലോകസഭയിൽ

ന്യൂഡൽഹി: പ്രതിദിനം 20 ഇന്ത്യൻ തൊഴിലാളികൾ വിദേശത്ത് മരിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് പാർലമെൻ്റിൽ ചർച്ചയായത്. ഇതിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും കണക്കിൽ പറയുന്നു.2021ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. 8,234 ഇന്ത്യൻ തൊഴിലാളികൾക്ക് വിദേശ രാജ്യങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടു എന്നാണ് കണക്ക്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങാണ് രാജ്യസഭയിൽ കണക്കുകള്‍ അവതരിപ്പിച്ചത്. സംഭവിച്ച മരണങ്ങളിൽ 86 ശതമാനത്തിലധികവും ഗൾഫ് രാജ്യങ്ങളിലാണ്. അഞ്ച് വർഷത്തെ കാലയളവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) സൗദി അറേബ്യയിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. ഇവ യഥാക്രമം 12,380 ഉം 11,757 ഉം ആണ്. കുവൈറ്റ് (3,890), ഒമാൻ (2,821), മലേഷ്യ (1,915), ഖത്തർ (1,760) എന്നിവയാണ് തൊട്ടുപിന്നിൽ.

2021നും 2025നും ഇടയിൽ ആകെ 37,740 ഇന്ത്യൻ തൊഴിലാളികൾ മരിച്ചതായും കണക്കുകളിൽ പറയുന്നു. ഈ കാലയളവിൽ ഇന്ത്യൻ പൗരന്മാരിൽ നിന്ന് 80,985 തൊഴിൽ സംബന്ധമായ പരാതികൾ ലഭിച്ചു. 2021 നും 2025 നും ഇടയിൽ 16,965 പരാതികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. യുഎഇയിലാണ് ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്‌തത്. തൊട്ടുപിന്നാലെ കുവൈറ്റ് (15,234), ഒമാൻ (13,295), സൗദി അറേബ്യ (12,988) എന്നിവയുമുണ്ട്.2012നും 2018 മധ്യത്തിനും ഇടയിൽ ഗൾഫ് മേഖലയിൽ പ്രതിദിനം 10 ഓളം ഇന്ത്യൻ തൊഴിലാളികൾ മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ (ആർടിഐ) മറുപടികളുടെയും കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിൻ്റെയും (സിഎച്ച്ആർഐ) രേഖകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.

ആറര വർഷത്തെ കാലയളവിൽ ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി കുറഞ്ഞത് 24,570 ഇന്ത്യൻ തൊഴിലാളികൾ മരിച്ചതായി സിഎച്ച്ആർഐ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ സർക്കാരിൻ്റെ കണക്കുകള്‍ പ്രകാരം 2021 നും 2025 നും ഇടയിൽ ബഹ്‌റൈൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 32,608 ഇന്ത്യൻ തൊഴിലാളികൾ മരിച്ചുവെന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗൾഫ് മേഖലയിൽ മാത്രം പ്രതിദിനം ശരാശരി 18 തൊഴിലാളി മരണങ്ങൾ നടക്കുന്നുണ്ട്.ഗൾഫ് മേഖലയ്ക്ക് പുറത്ത്, മലേഷ്യയിലും മാലിദ്വീപിലും തൊഴിൽ സംബന്ധമായ പരാതികളുണ്ട്. മലേഷ്യയിൽ 8,333ഉം മാലിദ്വീപിൽ 2,981ഉം പരാതികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എന്നാൽ അഞ്ച് വർഷത്തിനിടെ മ്യാൻമറിൽ 2,548 പരാതികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

വിദേശത്ത് ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശമ്പളം വൈകുകയോ ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്യുന്നതാണ്. ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുന്നതിലും പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ തൊഴിലുടമകൾ പാസ്‌പോർട്ടുകൾ അനധികൃതമായി കൈവശം വയ്ക്കൽ, അവധി അനുവദിക്കാത്തത്, ഓവർടൈം വേതനമില്ലാതെ കൂടുതൽ ജോലി ചെയ്യിപ്പിക്കുന്നത്, കമ്പനികൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് മൂലമുള്ള തൊഴിലില്ലായ്‌മ എന്നിവയാണ് മറ്റ് പരാതികൾ.