2020 ലെ ഡല്‍ഹി കലാപം: ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവർക്ക് ജാമ്യമില്ല . പ്രതികൾക്കെതിരെയുള്ള തെളിവുകൾ ശക്തമെന്ന് സുപ്രീംകോടതി .കേസിൽ ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് ജാമ്യമനുവദിച്ചു .ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത് .
കേസില്‍ ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു എന്നിവരുടെയും പ്രതിഭാഗം അഭിഭാഷകരുടേയും വിശദവാദം കോടതി കേട്ടിരുന്നു.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികള്‍ നേരത്തേ പലതവണ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.