കേരള ബജറ്റ് 2026: ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവ് വരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ബജറ്റ് പ്രഖ്യാപനം. നവംബർ ഒന്ന് മുതൽ ഓണറേറിയം 8000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെയാണ് ബജറ്റിലും വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഈ ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി പ്രതിവർഷം 250 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. ആശാ വർക്കർമാരുടെ കുടിശ്ശിക മുഴുവൻ വിതരണം ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവന്ന സമരം മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചിരുന്നു. 266 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരമാണ് സർക്കാർ പ്രഖ്യാപനത്തോടെ ഒത്തുതീർപ്പിലെത്തിയത്.എന്നാൽ, ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രാദേശിക തലങ്ങളിലെ സമരങ്ങൾ തുടരാനാണ് സംഘടനകളുടെ തീരുമാനം. ഈ ആവശ്യങ്ങൾ മുൻനിർത്തി സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും ആശാ വർക്കർമാർ തീരുമാനിച്ചിരുന്നു.