ട്രക്ക് കൊക്കയിലേക്ക് മറിഞ് 21 മരണം , 18 മൃതദേഹങ്ങള്‍ കണ്ടെത്തി
ദിസ്‌പൂര്‍: അരുണാചൽ പ്രദേശിൽ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. അഞ്ജാവ് ജില്ലയിലെ ഹയുലിയാങ്ങിനും ചഗ്ലഗാമിനും ഇടയിലുള്ള റോഡിലാണ് അപകടം നടന്നത്. ടിൻസുകിയയില്‍ നിന്ന് 22 തൊഴിലാളികളുമായി പോയ ട്രക്കാണ് മറിഞ്ഞത്.ഡിസംബർ 8 ന് രാത്രി ഏറെ വൈകിയാണ് സംഭവം നടന്നത്. ഡിസംബർ 10 ന് രാത്രി ഉണ്ടായ അപകടത്തെ അതിജീവിച്ച ഒരാൾ ചിപ്ര ജിആർഇഎഫ് ക്യാമ്പിൽ എത്തി അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷപ്പെട്ടയാൾ നൽകിയ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വാഹനം അപകടകരമായ പർവത പാതയിൽ നിന്ന് തെന്നിമാറിയാണ് കൊക്കയിലേക്ക് പതിച്ചത്.ഏകദേശം 200 മീറ്റർ ഇടതൂർന്നതും പ്രവേശിക്കാൻ കഴിയാത്തതുമായ ഒരു വനപ്രദേശത്തേക്കണ് ട്രക്ക് വീണത്. ഗ്ലഗാമിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ആളുകള്‍ക്ക് എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു വിദൂര പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പ്രാദേശിക ഏജൻസിയോ കരാറുകാരനോ സിവിൽ പ്രതിനിധിയോ കാണാതായ തൊഴിലാളികളെക്കുറിച്ചുള്ള ഒരു വിവരവും റിപ്പോർട്ട് ചെയ്‌തിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷപ്പെട്ടയാൾ എത്തുമ്പോഴാണ് സംഭവം അറിയുന്നതും അതിനു ശേഷമാണ് തെരച്ചില്‍ ആരംഭിച്ചതെന്നും അധികൃര്‍ പറഞ്ഞു.ഇന്ത്യൻ സൈന്യത്തിൻ്റെ സ്‌പിയർ കോർപ്‌സ് മെഡിക്കൽ ടീമുകൾ, ജിആർഇഎഫ് ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ്, എൻഡിആർഎഫ് അംഗങ്ങൾ, ഹയുലിയാങ്ങിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസി) എന്നിവരോടൊപ്പം ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി വരുന്നു.
നാലു മണിക്കൂർ നീണ്ട തീവ്രമായ തെരച്ചിലിനൊടുവിലാണ് ട്രക്ക് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. "നാലു മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലാണ് നടത്തിയത്. കയറില്‍ തൂങ്ങി ഇറങ്ങിയാണ് സൈന്യം തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് രാത്രി 11.55 ഓടെ കെഎം 40 ന് സമീപം റോഡിൽ നിന്ന് 200 മീറ്റർ താഴെ ട്രക്ക് കണ്ടെത്തി. ഹെലികോപ്റ്ററുകളിൽ നിന്നോ റോഡിൽ നിന്നോ കാണാൻ കഴിയാത്ത വിധത്തിലായിരുന്നു അത്. ഇടതൂർന്ന മരങ്ങളും കട്ടിയുള്ള ഇലകളും കാരണം ഇത് കാണാൻ കഴിയില്ലായിരുന്നു. പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ബെയ്ൽ റോപ്പുകൾ ഉപയോഗിച്ച് അവ വീണ്ടെടുക്കുകയാണ്" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അരുണാചൽ പ്രദേശിൽ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രധാനമന്ത്രിയും . മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും" എന്ന് പ്രധാനമന്ത്രി അറിയിച്ചു.

