25 പേരടങ്ങിയ സഭയില്‍ 19 പുതുമുഖങ്ങള്‍ : ഗുജറാത്തില്‍ പുതു മന്ത്രിസഭ
അഹമ്മദാബാദ്: മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജി വച്ചതിന് പിന്നാലെ ഗുജറാത്തില്‍ നിര്‍ണായക രാഷ്‌ട്രീയ നീക്കങ്ങള്‍. ആഭ്യന്തരമന്ത്രി ഹര്‍ഷ് സാഘ്വിയെ ഉപമുഖ്യമന്ത്രിയായി നിയോഗിച്ചു കൊണ്ട് 25 അംഗ മന്ത്രിസഭയ്ക്ക് രൂപം നല്‍കി.ആറ് മന്ത്രിമാരെയും 19 പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി സമാജികയുമായ റിവാബ ജഡേയടക്കം 25 പേരടങ്ങുന്ന മന്ത്രിസഭയാണ് നിലവില്‍ വന്നത്. പുതിയ മന്ത്രിമാര്‍ മഹാത്മാ മന്ദിറില്‍ സത്യ പ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും.
കഴിഞ്ഞ ദിവസം വൈകിട്ട് അഹമ്മദാബാദിലെത്തിയ കേന്ദ്ര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മുഖ്യമന്ത്രി ഭൂപീന്ദര്‍ പട്ടേലുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പുതിയ മന്ത്രിസഭയുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 2027 നിയമസഭ തെരഞ്ഞെടുപ്പിനും വരാന്‍ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്‍റെയും ഒരുക്കങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ മന്ത്രിസഭയുടെ പട്ടിക നേരത്തെ മുഖ്യമന്ത്രി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് സമര്‍പ്പിച്ചിരുന്നു
പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എട്ട് പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറു പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും നാല് പേര്‍ ആദിവാസി സമൂഹങ്ങളില്‍ നിന്നുമുള്ളവരാണ്. മൂന്ന് പട്ടികജാതിക്കാരുമുണ്ട്. രണ്ട് പേര്‍ ക്ഷത്രിയ സമുദായത്തില്‍ നിന്നമുണ്ട്. ബ്രാഹ്‌മണ, ജെയിന്‍ സമുദായങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പുതിയ മന്ത്രിസഭയിലുണ്ട്. മൂന്ന് സ്‌ത്രീകളും പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നു. സൗരാഷ്‌ട്ര മേഖലയ്ക്ക് പുതിയ മന്ത്രിസഭയില്‍ വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ നിന്നുള്ള അഞ്ച് പേരാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ പുതിയ മന്ത്രിസഭയില്‍ അത് എട്ടായി ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ മന്ത്രിസഭയില്‍ പ്രാദേശിക സന്തുലനം മെച്ചപ്പെടുത്താനും സാമൂഹ്യ പ്രാതിനിധ്യ ശാക്തീകരണത്തിനുമാണ് ശ്രമം. 2026ല്‍ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും 2027ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഏതായാലും ദീപാവലി സമ്മാനമായാണ് ഗുജറാത്തിലെ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാന ലബ്‌ധി.
പുതിയ മന്ത്രിസഭയിലിടം നേടിയ പഴയ മന്ത്രിമാര്‍
ഹര്‍ഷ് സാഘ്വി
കന്‍വരാജ് ബവാലിയ
പ്രഫുല്‍ പന്‍സേരിയ
ഋഷികേശ് പട്ടേല്‍
പര്‍ഷോത്തം സൊളങ്കി
കനുഭായ് ദേശായ്
പുതുമുഖങ്ങള്‍ :
ട്രികാം ചാങ്
സ്വരൂപ്‌ജി ഠാക്കൂര്‍
പ്രവീണ്‍ മാലി
പി സി ബരാന്ത
ദര്‍ശന വഘേല
കാന്തിലാല്‍ അമൃതിയ
റിവാബ ജഡേജ
അര്‍ജുന്‍ഭായ് മോധ്‌വാഡിയ
പ്രഥ്യുമ്‌ന വാജ
കൗശിക് വെകാരിയ
ജിതേന്ദ്രഭായ് വഘാനി
രമണ്‍ഭായ് സൊളങ്കി
കമലേഷ് ഭായ് പട്ടേല്‍
സഞ്ജയ് സിങ് മഹിദ
രമേഷ്ഭായ് കത്താര
മനീഷ വാകില്‍
ഈശ്വര്‍ സിങ് പട്ടേല്‍
ജയ്‌റാംഭായ് ഗാമിത്
നരേഷ് പട്ടേല്‍


