സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ 25 ലക്ഷം പേരെ കാണാനില്ല,എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ 25 ലക്ഷം പേരെ കാണാനില്ല,എന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ 25 ലക്ഷത്തിലധികം ആളുകളെ കണ്ടെത്താനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. വോട്ടർ പട്ടിക പുതുക്കലിൻ്റെ പുരോഗതി വിലയിരുത്താൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിവിധ വിഭാഗങ്ങളിലായി 25,01,012 പേരെയാണ് ആകെ കണ്ടെത്താനുള്ളത്. ഇതിൽ 6,44,547 വോട്ടർമാർ മരണപ്പെട്ടതായി ബിഎൽഒമാർ കണ്ടെത്തി. 8,19,349 പേർ സ്ഥിരമായി സ്ഥലം മാറിപ്പോയവരാണ്. 7,11,958 പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 1,31,530 പേർക്ക് ഒന്നിലധികം വോട്ടുകളുണ്ട്. മറ്റുള്ളവരുടെ വിഭാഗത്തിൽ 1,93,631 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ തവണ 20 ലക്ഷം പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയിരുന്നത്.ബിഎൽഒമാർക്ക് നേരിട്ട് ഫോമുകൾ കൈമാറാൻ കഴിയാത്തവരെയും കണ്ടെത്താനാകാത്ത വോട്ടർമാരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് ഇത് പരിശോധിച്ച് ഉറപ്പുവരുത്താം. രാഷ്ട്രീയ പാർട്ടികൾക്കും ലിസ്റ്റ് നൽകും. അർഹതപ്പെട്ട ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കാസർകോട്, വയനാട്, കൊല്ലം ജില്ലകളിൽ വോട്ടർ പട്ടിക പുതുക്കൽ (SIR) പ്രക്രിയ 100 ശതമാനം പൂർത്തിയായി. മറ്റ് ജില്ലകളിൽ 99.7 ശതമാനം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിൽ ബിഎൽഎ, ബിഎൽഒ യോഗങ്ങൾ ഉടൻ നടത്തും. കഴിഞ്ഞ മാസം ആരംഭിച്ച നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. അതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കുകളിലെ പൊരുത്തക്കേടുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ആശങ്ക അറിയിച്ചു.

വോട്ടർ പട്ടിക സുതാര്യവും കുറ്റമറ്റതുമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്രയധികം സൂക്ഷ്മപരിശോധനകൾ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകളും അനർഹമായ പേരുകളും നീക്കം ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് കമ്മിഷൻ കാണുന്നത്. എന്നാൽ, സാങ്കേതികമായ കാരണങ്ങളാൽ ഒരേ വോട്ടറുടെ പേര് പല സ്ഥലങ്ങളിൽ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഫോട്ടോ സിമിലർ എൻട്രീസ് (PSE), ഡെമോഗ്രാഫിക്കലി സിമിലർ എൻട്രീസ് (DSE) എന്നിവ ഉപയോഗിച്ചുള്ള പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ സഹായത്തോടെ കണ്ടെത്തുന്ന ഇത്തരം വിവരങ്ങൾ ഫീൽഡ് തലത്തിൽ ബിഎൽഒമാർ നേരിട്ട് പോയി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയ ആശങ്കകൾക്ക് കൃത്യമായ മറുപടി യോഗത്തിൽ ലഭിച്ചു. യഥാർഥ വോട്ടർമാരാരും പട്ടികയിൽ നിന്ന് പുറത്താകില്ലെന്ന് ഉറപ്പാക്കാൻ കർശന നിർദേശങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്. ഒരാളെ 'കണ്ടെത്താനില്ലാത്തവരുടെ' പട്ടികയിൽപ്പെടുത്തിയാലും ഉടൻ തന്നെ അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിക്കളയുകയില്ല. ഇവർക്ക് നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. കൂടാതെ, മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുവിവരങ്ങൾ നീക്കം ചെയ്യുന്നതിന് മുൻപായി 7-ാം നമ്പർ ഫോം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ വോട്ട് നീക്കം ചെയ്യില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഉറപ്പുനൽകി.

അതേസമയം, വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ പൗരൻ്റെയും കൂടി ഉത്തരവാദിത്തമാണെന്ന് കമ്മിഷൻ ഓർമ്മിപ്പിച്ചു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റോ 'വോട്ടർ ഹെൽപ് ലൈൻ' ആപ്പോ ഉപയോഗപ്പെടുത്താവുന്നതാണ്. പുതിയതായി പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാനും ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബിഎൽഎ) പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുണ്ട്. ഓരോ ബൂത്തിലും ബിഎൽഒമാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബിഎൽഎമാർക്ക് നിർദേശം നൽകണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മിഷൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ താലൂക്ക് തലത്തിലും ജില്ല തലത്തിലും കൂടുതൽ അവലോകന യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപായി പരാതികൾക്ക് പരിഹാരം കാണാനുള്ള എല്ലാ അവസരങ്ങളും പൊതുജനങ്ങൾക്ക് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.