ബംഗാളിൽ കൽക്കരി ഖനി തകര്‍ന്ന് 3 തൊഴിലാളികളില്‍ മരിച്ചു

ബംഗാളിൽ കൽക്കരി ഖനി തകര്‍ന്ന് 3 തൊഴിലാളികളില്‍ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ  അസൻസോളിൽകൽക്കരി ഖനി തകർന്ന് വീണ് അപകടം. ഖനിക്കുള്ളിലുണ്ടായിരുന്ന ആകെ അഞ്ച് തൊഴിലാളികളില്‍ മൂന്ന് പേർ അവശിഷ്‌ടങ്ങൾക്കിയടിൽ കുടുങ്ങി മരിച്ചു. ബാക്കി രണ്ട് പേരെ രക്ഷപ്പെടുത്തി പുറത്ത് കൊണ്ടുവന്നു. അപകടത്തിൽ മരിച്ച മൂന്ന് തൊഴിലാളികളുടെയും മൃതദേഹം തൻ്റെ സാന്നിധ്യത്തിൽ പുറത്തെടുത്തെന്ന് ബിജെപി എംഎൽഎ അജയ് പോദ്ദാർ പറഞ്ഞു. " ഖനി തകർന്ന് വീണപ്പോൾ തൊഴിലാളികൾ അവിടെ ജോലി ചെയ്യുകയായിരുന്നു. കൽക്കരി വേർതിരിച്ചെടുത്തു കൊണ്ടിരിക്കെയാണ് ഖനി തകർന്നു വീണത്. അപകടത്തിൻ്റെ ആഘാതത്തിൽ അവർക്ക് ഖനിക്കുള്ളിൽ നിന്ന് പുറത്ത് കടക്കാനായില്ല" എന്ന് അദ്ദേഹം പറഞ്ഞു.

"ഇതൊരു സ്ഥിരസംഭവമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലുടനീളം ഇത്തരം ഖനികൾ തകർന്ന് വീണ് വ്യാപകമായി അപകടങ്ങൾ ഉണ്ടാകുന്നു. പൊലീസും 'കൽക്കരി മാഫിയ'യും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നു" എന്നും എംഎൽഎ ആരോപിച്ചു.ഇതൊരു സിൻഡിക്കേറ്റാണ്. ഈ കച്ചവടത്തിൽ പൊലീസും മാഫിയയും ഉൾപ്പെടുന്നു. ഇവരുടെ ഈ പ്രവർത്തനങ്ങളിലൂടെ ജീവൻ നഷ്‌ടപ്പെടുന്നതാകട്ടെ നിരപരാധികളായ ഗ്രാമവാസികൾക്കാണ്. ഇത് ബംഗാളിലുടനീളം വ്യാപകമാണെന്നും അജയ് പോദ്ദാർ മാധ്യമങ്ങളോട് പറഞ്ഞു.

മുൻപും ഖനികളിൽ നിന്ന് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2025 നവംബർ 15 ന് ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ഒരു അപകടം സംഭവിച്ചു. ഒരു കരിങ്കൽ ഖനി തകർന്നുവീണ് 15 ഓളം പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി. സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തി. എൻ‌ഡി‌ആർ‌എഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്‌ഡി‌ആർ‌എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ടീമുകളെ വിന്യസിച്ചിരുന്നു."മൂന്ന് ദിവസത്തെ രക്ഷാപ്രവർത്തനത്തിനിടെ ആകെ ഏഴ് മൃതദേഹങ്ങൾ മാത്രമെ ഖനിക്കുള്ളിൽ നിന്ന് കണ്ടെടുക്കനായുള്ളൂ" എന്ന് സോൻഭദ്ര എസ്‌ പി അഭിഷേക് വർമ്മ പറഞ്ഞു. അവശിഷ്‌ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് 100 ശതമാനം പരിശോധനയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനം അന്ന് നിർത്തിവയ്‌ക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൂന്ന് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനം ഞങ്ങൾ അവസാനിപ്പിച്ചത്. ഏഴ് മൃതദേഹങ്ങൾ അവിടെ നിന്ന് കണ്ടെടുത്തു. വളരെ വലിയ പാറക്കെട്ട് ആയതിനാൽ രക്ഷാപ്രവർത്തനം നടത്താൻ കുറച്ച് ബുദ്ധിമുട്ട് നേരിട്ടു. പാറക്കെട്ടിനുള്ളിൽ കടക്കാൻ ഞങ്ങൾ ഒരു താത്‌ക്കാലിക പാത അവിടെ നിർമിച്ചു. എല്ലാ ടീമുകളുടെയും സഹകരണത്തോടെയുള്ള വലിയൊരു ഓപ്പറേഷൻ ആയിരുന്നു അത്" എന്ന് എസ് പി അഭിഷേക് വർമ്മ പറഞ്ഞു.