3 വർഷം, 4 ലക്ഷം സംരംഭങ്ങൾ, 8 ലക്ഷം തൊഴിൽ; വ്യവസായവകുപ്പിൻ്റെ നേട്ടങ്ങളുമായി മന്ത്രി പി. രാജീവ്

3 വർഷം, 4 ലക്ഷം സംരംഭങ്ങൾ, 8 ലക്ഷം തൊഴിൽ; വ്യവസായവകുപ്പിൻ്റെ  നേട്ടങ്ങളുമായി മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാലു ലക്ഷത്തിലധികം സംരംഭങ്ങളിലൂടെ എട്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ്. കെ-സ്വിഫ്റ്റ്, കെസിഐഎസ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ബിസിനസ് നടപടികൾ ലഘൂകരിക്കാനും സംസ്ഥാനത്തെ കൂടുതൽ നിക്ഷേപക സൗഹൃദമാക്കാനും സാധിച്ചതായി വ്യവസായ വകുപ്പിൻ്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

ഹൈടെക് വ്യവസായ കേന്ദ്രമായി കേരളം

സംസ്ഥാനത്തെ ഒരു ഹൈടെക് വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഗ്രാഫീൻ, ലോജിസ്റ്റിക്സ്, കയറ്റുമതി നയങ്ങളും ഹൈടെക് മാനുഫാക്ചറിങ് ഫ്രെയിം വർക്കും കെഎസ്‌ഐഡിസി മുഖേന നടപ്പാക്കി. കേരള ബ്രാൻഡിൽ വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ തുടങ്ങി പതിനൊന്ന് ഉത്പന്നങ്ങൾ ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിറ്റുവരവ് വർധിപ്പിക്കുന്നതിനായി മിഷൻ 1000, മിഷൻ 1,00,000 എന്നീ പദ്ധതികളും നടപ്പാക്കി. ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, ചെറുകിട വ്യവസായങ്ങൾക്കായി കെഎസ്‌ഐഡിസി വഴി 1200 കോടി രൂപയുടെ വായ്പയും ലഭ്യമാക്കി. പുതിയതായി ആരംഭിച്ച എംഎസ്എംഇ ഇൻഷുറൻസ് പദ്ധതിയിലൂടെ ഇൻഷുറൻസിൻ്റെ 50 ശതമാനം തുക (പരമാവധി 5000 രൂപ വരെ) സബ്സിഡിയായി നൽകും. 

പരമ്പരാഗത മേഖലകളിലെ മുന്നേറ്റം

രാജ്യത്ത് ആദ്യമായി തോട്ടം മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. തോട്ടം തൊഴിലാളികൾക്കായുള്ള ലയം പദ്ധതിയിലൂടെ 76 പുതിയ ലയങ്ങൾ നിർമിക്കുന്നതിനും 503 ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്നതിനുമായി 2.10 കോടി രൂപ സർക്കാർ അനുവദിച്ചു. കയർ മേഖലയുടെ വികസനത്തിനായി കയർ കോൺക്ലേവ് സംഘടിപ്പിച്ചു. ഈറ്റ തൊഴിലാളികളുടെ ഇൻസെൻ്റീവ് വർധിപ്പിക്കുകയും കശുവണ്ടി മേഖലയ്ക്കായി പ്രത്യേക പുനരുജ്ജീവന, പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഒരു ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനായി ദേശീയ കയറ്റുമതി നയവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ ആദ്യത്തെ ആനിമേഷൻ ആൻഡ് ഗെയിമിങ് വീഡിയോ പാർക്ക്, എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയ്ക്കും തുടക്കം കുറിച്ചു.

നിക്ഷേപങ്ങളിലും ലാഭത്തിലും വൻ കുതിപ്പ്

വിവിധ പദ്ധതികളിലൂടെ വലിയ നിക്ഷേപങ്ങളാണ് സംസ്ഥാനത്തേക്ക് എത്തിയത്. ഇൻവെസ്റ്റ്മെൻ്റ് കേരള സമ്മിറ്റിലൂടെ 53,365 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കി. ലോക ഇക്കോണോമിക് ഫോറത്തിലൂടെ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും ആഗോള ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് പദ്ധതിയിലൂടെ 54,908 കോടി രൂപയുടെ നിക്ഷേപ പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും വലിയ മാറ്റങ്ങളുണ്ടായി. 2025-2026 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 5000 കോടി രൂപയിലധികമാണ്. 55.86 കോടി രൂപയാണ് പ്രവർത്തന ലാഭം. നിലവിൽ 23 സ്ഥാപനങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 16 സ്ഥാപനങ്ങളുടെ ലാഭം വർധിപ്പിക്കാനും 24 സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കാനും സർക്കാരിന് കഴിഞ്ഞു.

സ്വകാര്യ വ്യവസായ പാർക്കുകളും പുതിയ നിയമങ്ങളും

സംസ്ഥാനത്ത് നിലവിൽ 10 സ്വകാര്യ വ്യവസായ പാർക്കുകൾ പ്രവർത്തിച്ചു തുടങ്ങി. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിലൂടെ 51 സ്വകാര്യ വ്യവസായ പാർക്കുകൾക്കും അംഗീകാരം നൽകി. ഇതിനുപുറമെ 11 കാമ്പസുകൾക്ക് കാമ്പസ് വ്യവസായ പാർക്ക് തുടങ്ങുന്നതിനുള്ള അനുമതിയും ലഭ്യമാക്കി. വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം, ഘടനാ മാറ്റം എന്നിവ ലഘൂകരിക്കുന്നതിനായി 2023ൽ റവന്യൂ വകുപ്പിൻ്റെ അംഗീകാരത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു.

ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ

രാജ്യത്ത് ആദ്യമായി എൻവയോൺമെൻ്റ് സോഷ്യൽ ഗവർണൻസ് (ഇഎസ്ജി) അംഗീകരിച്ചത് കേരളത്തിലാണ്. ഈ നയത്തിലൂടെ ദാവോസിൽ നടന്ന വേൾഡ് ഇക്കോണോമിക് ഫോറത്തിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യതയൊരുങ്ങി. നീതി ആയോഗിൻ്റെ എസ്ഡിജി ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്താണ്. വ്യവസായ വകുപ്പിൻ്റെ ഇയർ ഓഫ് എൻ്റർപ്രൈസ് പദ്ധതിക്ക് അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ അംഗീകാരം ലഭിച്ചതായും മന്ത്രി വിശദീകരിച്ചു. വ്യവസായ വകുപ്പിൻ്റെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന 'വ്യവസായം വളരുന്നു' എന്ന മാനുവലിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു.