ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ തെരഞ്ഞെടുക്കപ്പെട്ടു

ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് ഇദ്ദേഹം. ബിഹാറില്‍ നിന്നുള്ള അഞ്ച് തവണ എംഎൽഎയായ നിതിൻ നബിന്‍റെ പേര് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടതെന്ന് റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മൺ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നിതിൻ നബിന് പിന്തുണയുമായി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തെ ഔദ്യോഗികമായി പാർട്ടി അധ്യക്ഷനായി പ്രഖ്യാപിക്കും. 2020 മുതൽ പദവിയിലുള്ള ജെ.പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്.

സംസ്ഥാന ഘടകങ്ങളിൽ നിന്നും പാർലമെന്‍റിറി പാർട്ടിയിൽ നിന്നുമായി ആകെ 37 സെറ്റ് നാമനിർദ്ദേശ പത്രികകളാണ് അദ്ദേഹത്തിനായി സമർപ്പിക്കപ്പെട്ടത്. ഇവയെല്ലാം തന്നെ സാധുവാണെന്ന് പരിശോധനയിൽ കണ്ടെത്തി. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ മുതിർന്ന കേന്ദ്രമന്ത്രിമാരും യോഗി ആദിത്യനാഥ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു. ബിജെപി രൂപീകൃതമായ 1980-ൽ തന്നെയാണ് നിതിൻ നബിൻ ജനിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 2006-ൽ പിതാവും ബിജെപി എംഎൽഎയുമായിരുന്ന നബിൻ കിഷോർ പ്രസാദ് സിൻഹയുടെ വിയോഗത്തെത്തുടർന്നാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ബിഹാർ സർക്കാരില്‍ നിയമം, നഗരവികസനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഡിസംബർ 14-ന് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിതനായിരുന്നു.2025 ഡിസംബറിലാണ് ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി നിതിൻ നബിനെ തെരഞ്ഞെടുത്തത്. പട്‌നയിലെ ബങ്കിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായിട്ടുണ്ട്. നിതീഷ്‌കുമാർ മന്ത്രിസഭയില്‍ റോഡ് നിർമാണം, നഗരവികസനം, ഭവന നിർമാണം, നിയമം , നീതി എന്നീ വകുപ്പുകളാണ് നിതിൻ നബിൻ കൈകാര്യം ചെയ്‌തിരുന്നത്.അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴിയായിരുന്നു നബിൻ്റെ രാഷ്‌ട്രീയ പ്രവേശനം. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയിൽ (ബിജെവൈഎം) സുപ്രധാന സംഘടനാ സ്ഥാനങ്ങൾ വഹിച്ചു, അതിൽ ബിജെവൈഎം ബിഹാറിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റും ഉൾപ്പെടുന്നു.

സിക്കിം, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻചാർജായും നബിൻ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്, ഇവിടെ ബിജെപിയുടെ വിജയത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ മികവ് ദേശീയ നേതാക്കള്‍ അടക്കം പ്രശംസിച്ചിരുന്നു.താഴെത്തട്ടിലുള്ള ബന്ധം, എളിമയുള്ള സ്വഭാവം, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന പ്രവർത്തന ശൈലി എന്നിവയാൽ അദ്ദേഹം അറിയപ്പെടുന്നു. ബിഹാറിൽ നിന്നുള്ള ഒരു നേതാവിനെ ആദ്യമായി ഇത്രയും വലിയ ദേശീയ പദവിയിലേക്ക് കൊണ്ടുവന്നത് കിഴക്കൻ സംസ്ഥാനങ്ങളില്‍ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായും കണക്കാക്കപ്പെടുന്നു