ചീഫ് സെക്രട്ടറി ഉൾപ്പെടെ 5 ഐഎഎസ് ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ്

ചീഫ് സെക്രട്ടറി ഉൾപ്പെടെ 5 ഐഎഎസ് ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ്

എറണാകുളം: കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് തുക വകയിരുത്താത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉൾപ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. 2024 നവംബർ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചത്. കുറ്റാരോപണങ്ങളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.ചീഫ് സെക്രട്ടറിയെ കൂടാതെ റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ധനവകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ, കാർഷിക ഉത്പാദന കമ്മിഷണർ ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ അർജുൻ പാണ്ഡ്യൻ എന്നിവർക്കെതിരെയാണ് നടപടി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റുന്നതിന് ഈടാക്കുന്ന ഫീസിൻ്റെ 10 ശതമാനം തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് നൽകണമെന്നായിരുന്നു 2024 നവംബർ 28ലെ ഉത്തരവ്. ഈ തുക നെൽവയൽ സംരക്ഷണത്തിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടി വിനിയോഗിക്കാനായിരുന്നു നിർദേശം. ഏകദേശം 1600 കോടിയിലധികം രൂപയാണ് സർക്കാർ കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് നൽകേണ്ടിയിരുന്നത്.വിധി പ്രകാരം നാലു മാസത്തിനുള്ളിൽ 25 ശതമാനം തുക ഫണ്ടിലേക്ക് മാറ്റണമെന്നും ബാക്കി 75 ശതമാനം 12 മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി മാറ്റണമെന്നുമായിരുന്നു ഹൈക്കോടതി വിധി. കൂടാതെ ഫണ്ടിൻ്റെ വാർഷിക ഓഡിറ്റ് നടത്തി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതി നടപടി സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പിലായില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ടി എൻ മുകുന്ദൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

സാമ്പത്തിക അച്ചടക്കമില്ലായ്മക്കെതിരെ താക്കീത്

സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക അച്ചടക്കമില്ലായ്മക്കെതിരെയുള്ള കർശന താക്കീത് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടി. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2018ൽ ഭേദഗതി ചെയ്തപ്പോൾ കൊണ്ടുവന്ന സുപ്രധാനമായ വകുപ്പാണ് 27 എ. ഇതുപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി (ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തവ) ഫീസ് നൽകി ക്രമപ്പെടുത്താനും തരംമാറ്റാനും സാധിക്കും.ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസായി ഈടാക്കി സർക്കാർ ഖജനാവിലേക്ക് വലിയൊരു തുക ഇതിലൂടെ എത്തിയിരുന്നു. എന്നാൽ, കൃഷിഭൂമി നികത്തപ്പെടുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനും വേണ്ടിയാണ് ഈ ഫീസിൻ്റെ ഒരു വിഹിതം 'അഗ്രികൾച്ചറൽ പ്രമോഷൻ ഫണ്ട്' ആയി മാറ്റിവയ്ക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ അപേക്ഷകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിലൂടെ ലഭിക്കുന്ന വരുമാനം വകമാറ്റി ചെലവഴിക്കുന്നു എന്നതായിരുന്നു ഹർജിക്കാരൻ്റെ പ്രധാന ആക്ഷേപം. നിയമപ്രകാരം രൂപീകരിക്കേണ്ട കാർഷിക പ്രോത്സാഹന ഫണ്ട് കടലാസിൽ മാത്രമായി ഒതുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വകമാറ്റി ചെലവഴിക്കാൻ പാടില്ലാത്ത തുകയാണിതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കാർഷിക ആവശ്യങ്ങൾക്കായി നീക്കിവയ്ക്കേണ്ട പണം, ശമ്പളവും പെൻഷനും നൽകുന്നതുൾപ്പെടെയുള്ള സർക്കാരിൻ്റെ ദൈനംദിന ആവശ്യങ്ങൾക്കായി ട്രഷറി വഴി വകമാറ്റിയെന്നാണ് ആക്ഷേപം. ഈ ഫണ്ട് യഥാസമയം രൂപീകരിക്കുകയും വിനിയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തെ നെൽകൃഷി വ്യാപനത്തിനും, തരിശുരഹിത ഗ്രാമം പദ്ധതികൾക്കും, ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കാനും വലിയൊരു മുതൽക്കൂട്ടാകുമായിരുന്നു. കൃഷിനാശം മൂലവും വിലത്തകർച്ച മൂലവും കർഷകർ ദുരിതമനുഭവിക്കുമ്പോഴാണ് നിയമപരമായി അവർക്ക് അവകാശപ്പെട്ട തുക നിഷേധിക്കപ്പെടുന്നത്.

ഉദ്യോഗസ്ഥർക്ക് തിരിച്ചടി

കോടതി വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പണം വകയിരുത്താത്തത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയായാണ് ഡിവിഷൻ ബെഞ്ച് കാണുന്നത്. മറുപടി സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടി വരും. ഇത് ഉദ്യോഗസ്ഥരുടെ സർവീസ് റെക്കോർഡിനെയും ബാധിക്കാൻ സാധ്യതയുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കോടതി കടന്നേക്കും. ഭരണഘടനാ സ്ഥാപനമായ കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സർക്കാരിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിനൊരു ന്യായീകരണമല്ലെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.