യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ 'പൊൽ-ആപ്പി'ൽ 5 പുതിയ സേവനങ്ങൾ, റെയിൽ മൈത്രി വരുന്നു

കോഴിക്കോട്: ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ കേരള പൊലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പൊൽ-ആപ്പിൽ അഞ്ച് പുതിയ അനുബന്ധ സൗകര്യങ്ങൾ കൂടി പ്രാവർത്തികമാക്കി. റെയിൽ മൈത്രി സർവീസസ് എന്ന പേരിൽ അവതരിപ്പിച്ച പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന അഞ്ച് സബ് ലിങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലോൺലി പാസഞ്ചർ, ഷോപ്‌സ് ഓൺ പ്ലാറ്റ്‌ഫോം, സീക്രട്ട് ഇൻഫർമേഷൻ, ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി, റിപ്പോർട്ട് ആൻ ഇൻസിഡൻ്റ് (Lonely Passenger Shops on Platform, Secret Information, Lost Property Gallery, Report An Incident) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സേവനങ്ങൾ.
ട്രെയിനിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഏറെ ഉപകാരപ്രദമാണ് ലോൺലി പാസഞ്ചർ എന്ന സംവിധാനം.
യാത്രയ്ക്കിടെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ മോഷണമോ സുരക്ഷാ ഭീഷണിയോ നേരിട്ടാൽ ഈ ലിങ്ക് വഴി വിവരം കൈമാറാം. പേര്, ഫോൺ നമ്പർ, കോച്ച് നമ്പർ, സീറ്റ് നമ്പർ, പിഎൻആർ നമ്പർ, യാത്രക്കാരുടെ ഫോട്ടോ എന്നിവ റെയിൽ മൈത്രിയിൽ പങ്കുവച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും.പരാതി ലഭിച്ചാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്കും ട്രെയിനിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും സന്ദേശം കൈമാറും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷപ്പെടാൻ അവസരം നൽകാത്ത വിധത്തിലാണ് ഇതിൻ്റെ പ്രവർത്തനം നടപ്പാക്കുന്നതെന്ന് കോഴിക്കോട് റെയിൽവേ പൊലീസ് എസ്ഐ പ്രദീപ് കുമാർ പറഞ്ഞു.
സംസ്ഥാനത്തെ ഓരോ റെയിൽവേ സ്റ്റേഷനിലെയും പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ കടകളെക്കുറിച്ചും സാധനങ്ങളെക്കുറിച്ചും അറിയാൻ ഷോപ്‌സ് ഓൺ പ്ലാറ്റ്‌ഫോം എന്ന സംവിധാനം ഉപയോഗിക്കാം. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ പ്ലാറ്റ്‌ഫോമിലെ കടകളിൽ എന്തൊക്കെ സാധനങ്ങൾ ലഭ്യമാകും എന്നത് യാത്രക്കാർക്ക് ഇതുവഴി മനസ്സിലാക്കാൻ സാധിക്കും.
യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെടുന്ന തീവണ്ടി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പൊലീസിന് കൈമാറാനുള്ള സംവിധാനമാണ് സീക്രട്ട് ഇൻഫർമേഷൻ. വിവരം നൽകുന്നയാളുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.
ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്‌ഫോമിലോ ഉണ്ടാകുന്ന അപകടസാധ്യതകളോ അനിഷ്ട സംഭവങ്ങളോ ഫോൺ വിളിക്കാതെ തന്നെ പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണ് റിപ്പോർട്ട് ആൻ ഇൻസിഡൻ്റ്. തൊട്ടടുത്തുള്ള വ്യക്തി പോലും അറിയാതെ അധികാരികൾക്ക് സന്ദേശങ്ങളിലൂടെ വിവരം കൈമാറാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. കബളിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങൾ നൽകുന്നത് തടയാനും കൃത്യമായ തെളിവുകൾ ഉറപ്പാക്കാനും ഈ രീതി സഹായിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.ട്രെയിൻ യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി. നഷ്ടപ്പെട്ട വസ്തുവിൻ്റെ വിവരം ഇതിൽ പോസ്റ്റ് ചെയ്യാം. സാധനം ആർക്കെങ്കിലും ലഭിക്കുകയോ ഏതെങ്കിലും ഉദ്യോഗസ്ഥരെയും സ്റ്റേഷനുകളിലും ഏൽപ്പിക്കുകയോ ചെയ്താൽ ആ വിവരവും ഇതിലൂടെ അറിയാൻ സാധിക്കും. കൂടാതെ അന്വേഷണ വിവരങ്ങളും തുടർനടപടികളും ഇതിലൂടെ ലഭ്യമാകും.
ഉപയോഗിക്കേണ്ട വിധം:
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും പൊൽ-ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫിക്കേഷനിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. പുതിയ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി റെയിൽവേ പൊലീസിൻ്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നുണ്ട്. ഒരാഴ്ചയ്ക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രണ്ട് മാസത്തിനുള്ളിൽ പരമാവധി ആളുകളിലേക്ക് റെയിൽ മൈത്രി സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എസ്ഐ പ്രദീപ് കുമാർ അറിയിച്ചു.