ഛത്തീസ്ഗഡിൽ 34 വനിതകളടക്കം 51 മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്‌പുര്‍: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നക്സലൈറ്റ് വേട്ടയ്ക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും നാഴികക്കല്ലായി മാറി കൂട്ടക്കീഴടങ്ങൽ. ബിജാപൂർ, സുക്മ ജില്ലകളിലായി 34 സ്ത്രീകൾ ഉൾപ്പെടെ ആകെ 51 നക്സലൈറ്റുകളാണ് പൊലീസിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്.ഇവരെല്ലാവരും കൂടി മൊത്തം 1.61 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കൊടുംകുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. ബസ്തർ ഡിവിഷന്‍റെ ആസ്ഥാനമായ ജഗ്ദൽപൂരിൽ രാഷ്ട്രപതി ദ്രൗപതി മുർമു 'ബസ്തർ പന്ദം 2026' എന്ന ഗോത്രോത്സവം ഉദ്ഘാടനം ചെയ്യുന്ന അതേ വേളയിൽത്തന്നെയാണ് ഈ കീഴടങ്ങൽ നടന്നത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി റായ്പൂരിലെത്തിയിരുന്നു എന്നതും രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.
ബസ്തർ ഐ.ജി സുന്ദർരാജ് പട്ടിലിംഗം നൽകുന്ന വിവരങ്ങൾ പ്രകാരം ബിജാപൂർ ജില്ലയിൽ മാത്രം 20 സ്ത്രീകൾ അടക്കം 30 നക്സലൈറ്റുകൾ കീഴടങ്ങി. അയൽജില്ലയായ സുക്മയിൽ 14 വനിതാ അംഗങ്ങൾ ഉൾപ്പെടെ 21 പേരാണ് അക്രമത്തിന്‍റെ പാത വെടിഞ്ഞത്. ബസ്തർ പോലീസിന്‍റെ 'പൂന മാർഗേം' (പുതിയ പാത) എന്ന പുനരധിവാസ പദ്ധതിയിൽ ആകൃഷ്ടരായാണ് ഇവർ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉള്ളിലെ വിവേചനവും അടിച്ചമർത്തലും തങ്ങളെ മടുപ്പിച്ചതായും സംസ്ഥാന സർക്കാരിന്‍റെ കീഴടങ്ങൽ നയം മെച്ചപ്പെട്ട ജീവിതത്തിന് അവസരം നൽകുന്നുണ്ടെന്നും കീഴടങ്ങിയവർ വെളിപ്പെടുത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഛത്തീസ്ഗഡ് സർക്കാർ നടപ്പിലാക്കി വരുന്ന ശക്തമായ സുരക്ഷാ നീക്കങ്ങളും വികസന പദ്ധതികളും ബസ്തർ മേഖലയിലെ നക്സൽ സ്വാധീനം ഗണ്യമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.നേരത്തെയും സമാനമായ രീതിയിൽ വലിയ സംഘങ്ങൾ ഈ മേഖലയിൽ കീഴടങ്ങിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം കീഴടങ്ങുന്നവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമ്പോൾ, 'പൂന മാർഗേം' പോലുള്ള പദ്ധതികൾ ഇവർക്ക് വീടും തൊഴിൽ പരിശീലനവും നൽകുന്നു. ബസ്തർ മേഖലയിലെ ഉൾക്കാടുകളിൽ വർഷങ്ങളോളം സായുധ പോരാട്ടം നയിച്ചിരുന്ന ഇവർ തിരികെ വരുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഇത്തരത്തിൽ അക്രമം ഉപേക്ഷിച്ച് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിലെ കനത്ത ഏറ്റുമുട്ടലിൽ എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മുതിർന്ന മാവോയിസ്റ്റ് കമാൻഡർ ഉധം സിങ് കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) സൗത്ത് ബസ്തർ ഡിവിഷനിലെ ഡിവിഷണൽ കമ്മിറ്റി അംഗമായ ഉധം സിങ്, മേഖലയിലെ മാവോയിസ്റ്റ് നീക്കങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു.സൗത്ത് ബസ്തർ ഡിവിഷനിലെ പ്ലാറ്റൂൺ നമ്പർ 13-ന്‍റെയും ജാഗുർഗുണ്ട ഏരിയ കമ്മിറ്റിയുടെയും ചുമതലക്കാരനായിരുന്ന ഇയാൾ സുരക്ഷാസേനയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്നു.തരിം പോലീസ് സ്റ്റേഷൻ പരിധിയിലെ ചിന്നഗല്ലൂർ വനമേഖലയിൽ ഉധം സിങ്ങും സംഘവും തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡി.ആർ.ജി), സി.ആർ.പി.എഫിന്‍റെ പ്രത്യേക കമാൻഡോ വിഭാഗമായ കോബ്ര , സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.