64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനം ഞായറാഴ്ച്ച,മുഖ്യാതിഥി മോഹൻലാൽ
തൃശൂർ :64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശത്തിമിർപ്പിൽ തുടരുന്നു. കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരം തുടരുകയാണ്. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 487 പോയിന്‍റോടെ കണ്ണൂരാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ളത്. 483 പോയിന്‍റോടെ കോഴിക്കോടും 481 പോയിന്‍റുമായി ആതിഥേയരായ തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
കലോത്സവത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് 60 ഇനങ്ങളില്‍ മത്സരമുണ്ട്. കാണികളെ ആകര്‍ഷിക്കുന്ന നൃത്തയിനങ്ങള്‍ തുടരുന്നതിനൊപ്പം ഇന്ന് തേക്കിന്‍കാട് മൈതാനത്തെ രണ്ടാം വേദിയില്‍ താളമേള ലയമൊരുക്കുന്ന വൃന്ദവാദ്യം കൂടി അരങ്ങേറും.കുച്ചുപുടിയും തിരുവാതിരക്കളിയും മോണോ ആക്ടുമടക്കം നിരവധി മത്സരങ്ങൾ തൃശ്ശൂർ നഗരത്തിലെ വിവിധ വേദികളിൽ ഇന്ന് നടക്കും. മൂന്നാം ദിനത്തിലും വേദികളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തടക്കം രാവിലെ തന്നെ കാണികളുടെ തിരക്കുണ്ട്. തൃശൂരിൻ്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ജനങ്ങൾ കലോത്സവത്തെ നെഞ്ചിലേറ്റുന്നത്. കലോത്സവ നഗരിയിലെ ഭക്ഷണശാലകളിലും മറ്റ് അനുബന്ധ ഇടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഇത്തവണത്തെ കലോത്സവത്തിൽ മത്സരാർഥികൾക്ക് അനുകൂലമായ വിധിന്യായങ്ങളാണ് ലഭിക്കുന്നത് എന്ന് പൊതുവെ അഭിപ്രായമുണ്ട്. അപ്പീലുകൾ വഴി എത്തുന്ന മത്സരാർഥികളുടെ എണ്ണം ഇത്തവണ കുറവാണെന്നത് ശ്രദ്ധേയമാണ്. മത്സരഫലങ്ങളിൽ പരാതികൾ കുറവായതിനാൽ തന്നെ വിധിനിർണയം മികച്ചതാണെന്ന വിലയിരുത്തലിലാണ് സംഘാടകരും മത്സരാർഥികളും.
വാശിയേറിയ മത്സരങ്ങളിൽ പോയിന്റുനില മിനിറ്റുകൾ കൊണ്ടാണ് മാറിമറിയുന്നത്.

സമാപന സമ്മേളനത്തിൽ മുഖ്യാതിഥി താരരാജാവ് മോഹൻലാൽ
കലോത്സവത്തിൻ്റെ ആവേശത്തെ ഇരട്ടിപ്പിക്കാനായി, ജനു :18 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രിയ താരം മോഹൻലാലെത്തും.തിരക്ക് ഒഴിവാക്കാൻ കാണികൾ 3 മണിയോടെ തന്നെ വേദിയിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്. മോഹൻലാലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ സംവിധാനങ്ങളും റൂട്ട് മാപ്പും തയ്യാറാക്കാൻ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നു.

