ഇഡി പരിശോധന: ബിഹാറിൽ 64 കോടിയുടെ അനധികൃത വസ്‌തുക്കള്‍ പിടിച്ചെടുത്തു

പാട്‌ന:ബീഹാർ നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇഡി ) സംസ്ഥാനത്തുടനീളം നടത്തിയ കർശനമായ പരിശോധനകളിൽ 64.13 കോടി രൂപയുടെ അനധികൃത വസ്‌തുക്കള്‍ പിടിച്ചെടുത്തു . ഒക്ടോബര്‍ 6 ന് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരിശോധന.കള്ളപ്പണം , മദ്യം, മയക്കുമരുന്ന് എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തതെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി അറിയിച്ചു. 23 കോടിയോളം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. പൊലീസും ബന്ധപ്പെട്ട മറ്റ് ഏജൻസികളും നടത്തിയ പരിശോധനയിലായി സംസ്ഥാനത്ത് ഇതുവരെ 753 പേരെ അറസ്റ്റ് ചെയ്‌തെന്നും 13,587 ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസും ഈ കണക്കുകള്‍ സ്ഥിരീകരിച്ചു. 23.41 കോടി രൂപയുടെ മദ്യം, 14 കോടി രൂപയുടെ മറ്റു വസ്‌തുക്കൾ, 16.88 കോടി രൂപയുടെ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്‌തുക്കൾ, 4.19 കോടി കള്ളപ്പണം എന്നിവ പിടിച്ചെടുത്ത വസ്‌തുക്കളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ബിഹാറില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കള്ളപ്പണത്തിൻ്റെ ഉപയോഗം തടയുന്നതിന് ജാഗ്രത ശക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം തന്നെ വിവിധ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.പ്രധാനമായും സംസ്ഥാന പൊലീസ്, എക്സൈസ്, ആദായനികുതി വകുപ്പുകൾ, കസ്റ്റംസ്, റവന്യൂ ഇൻ്റലിജൻസ്, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റുകൾ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതര്‍ അറിയിച്ചു.'പ്രലോഭനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏതൊരു ശ്രമവും തടയുന്നതിനായി സംസ്ഥാനത്തുടനീളം സ്ക്വാഡുകൾ, നിരീക്ഷണ സംഘങ്ങൾ, വീഡിയോ നിരീക്ഷണ സംഘങ്ങൾ എന്നിവ 24 മണിക്കൂറും സജീവമാണ്. പരിശോധനകള്‍ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശങ്ങള്‍ നൽകിയിട്ടുണ്ട്,'- അദ്ദേഹം പറഞ്ഞു.നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14 നാണ് വോട്ടെണ്ണൽ. ഒന്നാം ഘട്ടത്തിനായി 121 ജനറൽ നിരീക്ഷകരെയും 18 പോലീസ് നിരീക്ഷകരെയും, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനായി 122 ജനറൽ നിരീക്ഷകരെയും 20 പോലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും സൂക്ഷ്‌മമായി നിരീക്ഷിക്കാനും സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ ഒക്ടോബർ 17 ന് അവസാനിച്ചെങ്കിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന അടുത്ത തിങ്കളാഴ്‌ച വരെയാണ്.