64-ാം സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീലവീഴും

തൃശൂര്‍:  കേരള സ്‌കൂൾ  കലോത്സവത്തിന്‍റെ നാലാം ദിവസവും കാണികളുടെ കണ്ണും മനവും കവര്‍ന്നത് സംഘനൃത്തവും വൃന്ദവാദ്യവും നാടോടി നൃത്തവും നാടകവുമൊക്കെയായിരുന്നു. ആവേശ ഉജ്ജ്വലമായ പ്രകടനമായിരുന്നു ഓരോ വിദ്യാർഥികളും കാഴ്‌ചവച്ചത്. 64-ാം സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴുന്നതോടെ അടുത്ത കലാപൂരത്തിനായുള്ള കാത്തിരിപ്പിന് വീണ്ടും തുടക്കമാവുകയാണ്ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യത്തില്‍ ആകെ 16 ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‌ച വെച്ച 10 ടീമുകളും എ ഗ്രേഡ് നേടിക്കൊണ്ടാണ് മടങ്ങിയത്. ഉപകരണങ്ങള്‍ കൈകാര്യം ചെയ്‌തതിലും കൈയടക്കത്തിലും മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ചു നിന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേതില്‍ നിന്ന് വ്യത്യസ്‌തമായി പെണ്‍കുട്ടികള്‍ മാത്രമടങ്ങിയ സംഘങ്ങളും മത്സരത്തിനുണ്ടായിരുന്നു.തൃശ്ശൂര്‍ എസ്എച്ച്സിജിഎച്ച്എസ്എസിലെ ആന്‍ മേരി ബെന്‍സണും സംഘവും അതിലൊന്നായിരുന്നു. എല്ലാം മറന്ന് തേക്കിന്‍കാട് മൈതാനത്തെ വേദി രണ്ട് പാരിജാതത്തിലെ കലാ പ്രകടനങ്ങള്‍ കാണാനെത്തിയ കാണികളും താളം പിടിച്ചു. കാണികളുടെ മനം കവരുന്ന താള ലയ വിന്യാസമാണ് ഓരോ ടീമും കാഴ്‌ച വെച്ചത്. ചിലര്‍ക്ക് ഉപകരണ വാദ്യങ്ങളുടെ ലയം അല്‌പ്പം പിഴച്ചതൊഴിച്ചാല്‍ വൃന്ദവാദ്യ മത്സരം കേമമായിരുന്നു.കാസര്‍കോട് സിഎച്ച്എസ്എസ് ചട്ടഞ്ചാലില്‍ നിന്നെത്തിയ മുഹമ്മദ് ഹന്ഫാസും സംഘവും ആസ്വാദക ഹൃദയത്തില്‍ ചിര പ്രതിഷ്‌ട നേടിയ സിനിമാഗാനങ്ങളുടെ ഈണങ്ങള്‍ കൂടി ചേര്‍ത്തുവെച്ചതോടെ അത് ഹൃദ്യാനുഭവമായി. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജ്യോല്‍സ്ന എസ് പൈയും സംഘവും ഒരുക്കിയ ഫ്യൂഷനും ആകര്‍ഷകമായിരുന്നു. വീണയും ഘടവും വയലിനും തകിലും ഇലക്ക്‌ട്രിക്ക് ഓര്‍ഗണുമായെത്തിയ പെണ്‍കുട്ടികളുടെ സംഘം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഈ ഇനത്തില്‍ 10 പേര്‍ക്ക് എ ഗ്രേഡും നാല് ടീമുകള്‍ക്ക് ബി ഗ്രേഡും ലഭിച്ചു.

പുരാണം മുതൽ സമകാലിക വിഷയങ്ങൾ വരെ

ടീമുകളുടെ ബാഹുല്യമുണ്ടായിരുന്നെങ്കിലും ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്ത മത്സരം പ്രമേയങ്ങളുടെ വ്യത്യസ്‌തത കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും മികവുറ്റതായിരുന്നു. സമകാലിക വിഷയങ്ങള്‍ക്കൊപ്പം പുരാണ കഥകളുടെ പുനരാവിഷ്‌കാരവും സംഘനൃത്ത വേദിയില്‍ കാണാനായി. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിനയനന്ദ പിപിയും സംഘവും മഹിഷാസുരനിഗ്രഹമാണ് രംഗത്തവതരിപ്പിച്ചത്. പിണറായിയിലെ എകെജിഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നെത്തിയ നിയ ശ്രീജേഷും സംഘവും തെരഞ്ഞെടുത്തത് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ മകന്‍ ജഹാംഗീറും നര്‍ത്തകിയും ദാസിയുമായ അനാര്‍ക്കലിയുമായുള്ള അനശ്വര പ്രണയത്തിന്‍റെ കഥയാണ്.

നവകേരള ശില്‍പ്പിയും നവയുഗപ്രഭാവനുമായ സ്വാതി തിരുനാളിന്‍റെ സംഗീതയാത്രയും സംഘനൃത്തമായി അവതരിപ്പിക്കപ്പെട്ടു. പൂര്‍ണ്ണത്രയീശന്‍റെ അവതാര കഥ പറഞ്ഞ അരുണിമ അരുണിനന്‍റേയും സംഘത്തിന്‍റേയും പ്രകടനവും മികച്ചതായിരുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ കര്‍ണന്‍റെ വൈജയന്തി വേല്‍ പ്രയോഗമേറ്റ് കൊല്ലപ്പെട്ട ഭീമ സേനന്‍റേയും ഹിഡംബിയുടേയും പുത്രന്‍ ഘടോല്‍ക്കചന്‍റെ ജഡം ഏറ്റുവാങ്ങാനെത്തുന്ന കാടിന്‍റെ മകള്‍ കടാങ്കടയുടെ കഥ പറഞ്ഞ കോട്ടയം സെന്‍റ് ആന്‍സ്ജിഎച്ച്എസ്എസിലെ ദേവനന്ദ ഷാലുവിന്‍റെ ടീമും ഏറെ കൈയടി നേടി.കാസര്‍കോട് ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ അപ്‌സര മോഹനും സംഘവും നന്ദനത്തിലെ ബാലാമണിയുടേയും ഉണ്ണിയമ്മയുടേയും കഥയാണ് പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരി ജി എസ് വിഎച്ച് എസ് എസിലെ ആര്‍ച്ചാ നായരും സംഘവും തോറ്റം പാട്ടിന്‍റെയും തെയ്യത്തിന്‍റേയും അകമ്പടിയോടെ വേദിയില്‍ നിറഞ്ഞാടി. ശിവാംശമായ ഗുളികന്‍ തെയ്യത്തിന്‍റെ ഉത്ഭവമാണ് ഇവര്‍ സംഘനൃത്തത്തിലൂടെ കാണികളുമായി സംവദിച്ചത്.

https://www.worldm.news/news/sreeyuktha-who-amazed-15907