നഗരസഭാ തെരഞ്ഞെടുപ്പ് : 68 മഹായുതി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു; 44 എണ്ണം ബിജെപി ഒറ്റയ്ക്ക്;

നഗരസഭാ തെരഞ്ഞെടുപ്പ് : 68 മഹായുതി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു; 44 എണ്ണം ബിജെപി ഒറ്റയ്ക്ക്;

മുംബൈ: ജനുവരി 15 ന് മഹാരാഷ്ട്രയിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയും മഹായുതി സഖ്യ പങ്കാളികളും 68 സീറ്റുകൾ എതിരില്ലാതെ നേടി. ഇതിൽ ബിജെപിയിൽ നിന്നുള്ള 44 സ്ഥാനാർത്ഥികളും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ നിന്നുള്ള 22 സ്ഥാനാർത്ഥികളും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിഭാഗത്തിൽ നിന്നുള്ള രണ്ട് സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. അതേസമയം, ഭരണകക്ഷികളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്ത മുനിസിപ്പൽ സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഇന്നലെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായിരുന്നു.

 ഭരണസഖ്യം പണവും കരുത്തും ഉപയോഗിച്ച്  സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചു.

68 സീറ്റുകളിലേക്ക് ബിജെപിയും മഹായുതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബിജെപി നേതാവ് കേശവ് ഉപാധ്യായ പറഞ്ഞു. പ്രാദേശിക നഗര ഭരണകൂടങ്ങളിലും പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിക്കുന്നുവെന്നതിന്‍റെ സൂചനയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 44 പേര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്.  കല്യാണ്‍-ഡോമ്പ്‌വലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നാലെ പൂനെ, പിമ്പ്രി-ചിഞ്ച്വാഡ്, പന്‍വേല്‍, ഭിവണ്ടി, ധുലെ, ജല്‍ഗാവ്, അഹല്യാനഗര്‍ തുടങ്ങിയ നഗരസഭകളുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളായ മഞ്ജുഷ നാഗ്‌പുരയും ശ്രീകാന്ത് ജഗ്‌താപും അവരുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മുപ്പത്തഞ്ചാം വാര്‍ഡില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 2017-22 കാലത്തും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്.

പൂനയുടെ അടുത്ത മേയര്‍ തന്‍റെ പാര്‍ട്ടിയില്‍ നിന്നാകുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുരളിധര്‍ മൊഹോള്‍ പറഞ്ഞു. 125 സീറ്റാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രണ്ടെണ്ണം ഇതിനകം തന്നെ നേടിക്കഴിഞ്ഞു. 123 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ നല്ല ഭരണത്തിനുള്ള പ്രശസ്‌തിപത്രമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്ന് 22പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അജിത് പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രണ്ട് പേര്‍ മത്രമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഈ ഒരു പ്രവണതയുടെ കാരണം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‍റെ ജനപ്രിയതയാണെന്നാണ് നേതാക്കളുടെ വിശദീകരണം. ഒപ്പം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഗുണം ചെയ്‌തതായി വിലയിരുത്തുന്നു.

ഇതെല്ലാം ബിജെപിയെ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മാത്രമല്ല പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും നിര്‍ണായക ശക്തിയാക്കാന്‍ സഹായിച്ചതായി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ശിവസേന(യുബിടി), മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന എന്നീ പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പണവും ഭീഷണിയും ഉപയോഗിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആക്ഷേപം.

റിട്ടേണിങ് ഓഫീസര്‍മാരോട് രാത്രി ഏറെ വൈകിയും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അനുമതി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായി ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവത്ത് എക്‌സിലൂടെ ആരോപിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് മുമ്പായിരുന്നു നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മൂന്ന് മണിക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയായ തന്‍റെ ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടിയെന്നും സഞ്ജയ് റാവത്ത് പറയുന്നു. അപേക്ഷയായും ഭീഷണിയായും ഉള്ള പ്രാദേശിക എംഎല്‍എയുടെ വാക്കുകള്‍ തനിക്ക് അനുസരിക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കിയതായി റാവത്ത് പറയുന്നു. ജനാധിപത്യത്തിന്‍റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ഭരണമാണ് ഇതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബംഗ്ലദേശിലെയും നേപ്പാളിലെയും പോലെ ഇവിടെയും ഒരിക്കല്‍ ഒരു ജനകീയ പ്രതിഷേധമുയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 അംഗ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തങ്ങളുടെ അഞ്ചംഗങ്ങളെ തെരഞ്ഞെടുത്തതായി ശിവസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭിവണ്ടി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം ആറ് ബിജെപി സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തതായി പാര്‍ട്ടി അറിയിച്ചു.

കല്യാണ്‍ ഡോമ്പ്‌വലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മൂന്ന് ശിവസേന സ്ഥാനാര്‍ത്ഥികളെയും ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെയും എതിരില്ലാതെ തെരഞ്ഞെടുത്തതായി ബിജെപി വക്താവ്   അറിയിച്ചു.

വോട്ടെടുക്കും മുമ്പേ വിജയികളെ പ്രഖ്യാപിക്കാനാണെങ്കില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് എംഎന്‍എസ് നേതാവ് അവിനാഷ് ജാദവ് ചോദിച്ചു. ഇന്ത്യയിലും സംസ്ഥാനത്തും ജനാധിപത്യത്തിന് അന്ത്യം സംഭവിച്ചിരിക്കുന്നു. പ്രതിപക്ഷത്തെ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി അവര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശിവസേന(യുബിടി) നേതാവ് അരവിന്ദ് സാവന്തും സമാന ആരോപണം ഉയര്‍ത്തി. ഛത്രപതി സംഭാജി നഗറില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായിശിവസേന(യുബിടി) നേതാവ് അംബാദാസ് ഡാന്‍വെ രംഗത്ത് എത്തി. ജില്ലയിലെ മന്ത്രി സഞ്ജയ് ഷിര്‍സാത് ആണ് ഭീഷണി ഉയര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു.ആദ്യം സ്ഥാനാര്‍ത്ഥിക്ക് പണം വാഗ്‌ദാനം ചെയ്‌തു. ഇത് നിരസിച്ചപ്പോള്‍ കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്ന ഭീഷണയായി. കഴുതസവാരിക്ക് തയാറാകാന്‍ പറഞ്ഞും ചിലര്‍ വിളിച്ചു. ഈ ഫോണ്‍കോളുകളുടെയെല്ലാം തെളിവ് തന്‍റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റില്‍ പറയുന്നു.