അടൂരിൽ തനിച്ചു താമസിച്ചിരുന്ന 77 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ തനിച്ചു താമസിച്ചിരുന്ന 77 കാരിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശി രത്നമ്മ (77)ആണ് മരിച്ചത്. മരിച്ച രത്നമ്മയുടെ സ്വർണാഭരണങ്ങള്‍ നഷ്‌ടമായിട്ടുണ്ട്.
വീടിന് പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം രക്തക്കറയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതകമാകാമെന്ന സംശയത്തിലാണ് പൊലീസ്. ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്.വീടിന് പുറത്തുള്ള ഷെഡിലാണ് ഇന്ന് രാവിലെ രത്നമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ രക്തക്കറ കണ്ടെത്തി. മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നുവെന്നും കണ്ടെത്തി. രത്നമ്മയുടെ ശരീരത്തുണ്ടായിരുന്ന മാലയും വളയും കാണാനില്ലെന്നും പൊലീസ് വ്യക്തമാക്കി.സാഹചര്യ തെളിവുകൾ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ മൊഴി എന്നിവ കണക്കിലെടുത്താണ് കോലാപാതകമാകാം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.
മരിച്ച വയോധികയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് മുറിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്‌തു എന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.രത്നമ്മക്ക് സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഭർത്താവ് മരണപ്പെട്ടതിനു ശേഷം രത്നമ്മ ഒറ്റക്കായിരുന്നു താമസം. അടൂർ പൊലീസ് വിശദ അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷമേ സംഭവത്തില്‍ കൂടുതൽ വ്യക്തത ഉണ്ടാകുവെന്നും പൊലീസ് അറിയിച്ചു.