കേരളത്തിന് അവഗണന : 9 റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ

ന്യൂഡൽഹി: ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിന് മുന്തിയ പരിഗണന ലഭിച്ചപ്പോൾ പുതിയ ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിന് ഒരെണ്ണം പോലും അനുവദിച്ചിട്ടില്ല. തമിഴ്നാട്, അസം, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ സർവീസുകളിൽ ഭൂരിഭാഗവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് പശ്ചിമ ബംഗാളിനാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പശ്ചിമ ബംഗാളിന് ഏഴ് അമൃത് ഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ തമിഴ്നാടിന് മൂന്നും അസമിൽ രണ്ടും സർവീസുകൾ ലഭിച്ചു. വിവിധ സംസ്ഥാനങ്ങൾക്ക് മികച്ച പരിഗണന ലഭിച്ചപ്പോഴും കേരളത്തെ പൂർണ്ണമായും അവഗണിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിൻ്റെ ഈ പ്രഖ്യാപനത്തിൽ കേരളം ഇടംപിടിക്കാത്തത് വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പശ്ചിമ ബംഗാളിന് വലിയ പ്രാധാന്യം നൽകിയപ്പോൾ കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് വസ്തുത.പശ്ചിമ ബംഗാളിൽനിന്ന് തമിഴ്നാട്ടിലെ നാഗർകോവിൽ, തിരുച്ചിറപ്പള്ളി, താംബരം എന്നിവിടങ്ങളിലേക്കാണ് പ്രധാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഡൽഹി, ഉത്തർപ്രദേശ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും പശ്ചിമ ബംഗാളിൽനിന്ന് സർവീസുകളുണ്ട്. അസം-ഹരിയാന, അസം-ഉത്തർപ്രദേശ് റൂട്ടുകളിലും പുതിയ ട്രെയിനുകൾ ഓടും. പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന ഈ നോൺ-എസി ട്രെയിൻ സർവീസുകൾ ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. കിഴക്കൻ, ഉപ-ഹിമാലയൻ പ്രദേശങ്ങളിൽനിന്ന് തെക്ക്, പടിഞ്ഞാറ്, മധ്യ ഇന്ത്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് റെയിൽ ബന്ധം വ്യാപിപ്പിക്കുന്നതാണ് പുതിയ അമൃത് ഭാരത് സർവീസുകൾ.
സാധാരണക്കാർക്ക് ആശ്വാസം
ദീർഘദൂര റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്‌പ്രസ്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളും ദീർഘദൂര യാത്രക്കാരും കൂടുതലുള്ള അസം, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് സർവീസുകൾ കടന്നുപോകുന്നത്. ഉത്സവ സീസണുകളിലും മറ്റും ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് തൊഴിൽ, വിദ്യാഭ്യാസം, കുടുംബാവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതും സുഖകരവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ ഒമ്പത് പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്നാണ് അറിയിപ്പ്. 2023 ഡിസംബറിൽ ആരംഭിച്ചതിന് ശേഷം 30 അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ ഒമ്പത് സർവീസുകൾ കൂടി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.