അഗളിയിൽ LDF പിന്തുണയോടെ പ്രസിഡൻ്റ്ന്റായ UDF അംഗം രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ നാടകീയ നീക്കങ്ങൾ. പാലക്കാട് അഗളി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ വിജയിച്ച യുഡിഎഫ് അംഗം രാജി വച്ചപ്പോൾ, കാസർകോട് പുല്ലൂർ പെരിയയിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കോറം തികയാത്തതിനാലും തർക്കങ്ങളെത്തുടർന്നും മാറ്റിവച്ച തെരഞ്ഞെടുപ്പുകളാണ് ഇന്ന് നടന്നത്.
അഗളിയിൽ അപ്രതീക്ഷിത രാജി; മാഫിയാ ബന്ധമെന്ന് ആരോപണം
അട്ടപ്പാടി അഗളി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം എൻകെ മഞ്ജു രാജി വച്ചു. ഡിസിസിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. അഗളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡായ ചിന്നപ്പറമ്പിൽനിന്ന് യുഡിഎഫ് അംഗമായി വിജയിച്ച മഞ്ജു എൽഡിഎഫ് പഞ്ചായത്ത് അധ്യക്ഷ സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
സിറോ മലബാർ സഭ വൈദികൻ ഉൾപ്പെടെയുള്ളവർ മഞ്ജുവിനെതിരെ രംഗത്തെത്തുകയും കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു. കൂടാതെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം. മഞ്ജുവിന് തെറ്റ് തിരുത്താൻ സമയം നൽകുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം മഞ്ജുവുമായി ചർച്ച നടത്തി.
പണം വാങ്ങിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ ചിന്തയാണെന്നും മഞ്ജു നേതൃത്വത്തെ അറിയിച്ചതായി എ തങ്കപ്പൻ വ്യക്തമാക്കി. താൻ അന്നും ഇന്നും എന്നും കോൺഗ്രസ് പ്രവർത്തകയാണെന്നും പ്രസിഡൻ്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും മഞ്ജു പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കാൻ താത്പര്യം ഇല്ലാത്തതിനാലാണ് രാജിയെന്നും, പാർട്ടി വിപ്പ് ലഭിച്ചില്ലെന്നും കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് വോട്ട് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അഗളി പഞ്ചായത്തിൽ നടന്നത് മാഫിയ സംഘത്തിൻ്റെ അട്ടിമറിയാണെന്നായിരുന്നു യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർഥി ഷിബു സിറിയകിൻ്റെ ആരോപണം. സിപിഐഎം നേതാവ് സിപി ബാബുവാണ് ഇതിന് പിന്നിലെന്നും റിസോർട്ട് മാഫിയയും കോൺട്രാക്ടർമാരും അട്ടിമറിയുടെ ഭാഗമായി നിന്നെന്നും ഷിബു സിറിയക് ആരോപിച്ചു. കഴിഞ്ഞ പത്തുവർഷമായി നടന്ന അഴിമതിയുടെ വിവരങ്ങൾ പുറത്തുവരരുതെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുല്ലൂർ പെരിയയിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ്
ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് ഉൾപ്പെടുന്ന കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിന് വിജയം. അമ്പലത്തറ വാർഡിൽനിന്നും വിജയിച്ച സിപിഐഎമ്മിലെ ഡോ. സികെ സബിതയെ പ്രസിഡൻ്റായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ ഉഷ എൻ നായരാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. എൽഡിഎഫിനും യുഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്. ബിജെപി അംഗം സന്തോഷ് കുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ഇരു മുന്നണികൾക്കും ഒൻപത് വീതം വോട്ടുകൾ ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. സിപിഐഎം അമ്പലത്തറ ലോക്കൽ സെക്രട്ടറിയാണ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സികെ സബിത. കഴിഞ്ഞ അഞ്ചു വർഷം യുഡിഎഫ് ഭരണത്തിൽ ആയിരുന്നു പുല്ലൂർ പെരിയ. പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചിരുന്നു. പ്രാദേശിക വികസന വിഷയങ്ങളായിരുന്നു 2019 വരെ ചർച്ചാ വിഷയമായിരുന്നതെങ്കിൽ ഇരട്ടക്കൊലപാതകത്തിന് ശേഷം ചിത്രം മാറിയിരുന്നു. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥികളാരെന്നതിനെച്ചൊല്ലി കോൺഗ്രസിലെ തർക്കത്തെത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ എത്താത്തതിനാൽ ക്വാറമില്ലാതായതോടെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. യുഡിഎഫും ബിജെപിയും ചേർന്ന് വോട്ടുകച്ചവടമാണെന്ന് അന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫ്-ബിജെപി അവിശുദ്ധ സഖ്യത്തെ അതിജീവിച്ച് എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
വെങ്ങോലയിലും തിരുവാലിയിലും യുഡിഎഫ്
എറണാകുളം വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫ് സ്വന്തമാക്കി. 24 അംഗ ഭരണസമിതിയിൽ ഒമ്പത് വോട്ട് ലഭിച്ച കോൺഗ്രസ് അംഗം ഷെഫീത ഷെരീഫിനെ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ഇടത് സ്ഥാനാർഥി എൽസി എൽദോസിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. ട്വൻ്റി ട്വൻ്റിയും (6 സീറ്റ്) എസ്ഡിപിഐയും (1 സീറ്റ്) വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. എസ്ഡിപിഐ അംഗം എത്തിയിരുന്നെങ്കിലും വോട്ട് ചെയ്തില്ല.
മലപ്പുറം തിരുവാലി പഞ്ചായത്തിൽ എട്ടിനെതിരെ 11 വോട്ടുകൾക്ക് യുഡിഎഫിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചു. താരിയൻ തുമയാണ് പ്രസിഡൻ്റ്. 19 അംഗ ഭരണസമിതിയിൽ യുഡിഎഫിന് പതിനൊന്നും എൽഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്‌ലിം ലീഗ് രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം ആവശ്യപ്പെട്ട തർക്കത്തെത്തുടർന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. തുടർന്ന് നടത്തിയ ചർച്ചയിൽ ലീഗിന് വൈസ് പ്രസിഡൻ്റ് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നൽകാൻ ധാരണയായി. സിപിഎമ്മിൻ്റെ ശക്തി കേന്ദ്രമായ തിരുവാലി പഞ്ചായത്തിൽ ഏറെക്കാലത്തിന് ശേഷമാണ് യുഡിഎഫിന് ഭരണം ലഭിക്കുന്നത്.
സംവരണത്തിൽ എൽഡിഎഫിന് നേട്ടം
കോട്ടയം എരുമേലിയിലും ആലപ്പുഴ വീയപുരത്തും ഭൂരിപക്ഷമില്ലാതിരുന്നിട്ടും സംവരണ ആനുകൂല്യത്തിൽ എൽഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം എരുമേലിയിൽ 22-ാം വാർഡിലെ അംഗം സിപിഐഎമ്മിലെ അമ്പിളി സജീവനാണ് പ്രസിഡൻ്റ്. പ്രസിഡൻ്റ് സീറ്റ് പട്ടികവർഗ സംവരണമായിരുന്നു. ആകെയുള്ള 24 അംഗങ്ങളിൽ 14 യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ ഭൂരിപക്ഷം ഉണ്ടായിട്ടും സംവരണ വിഭാഗത്തിൽ യുഡിഎഫിന് ജയിച്ചവർ ഇല്ലാത്തതിനാൽ അവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒമ്പത് പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ഏഴ് വോട്ടുകൾ അമ്പിളിക്കും രണ്ട് വോട്ട് ബിജെപി സ്ഥാനാർഥി കെകെ രാജനും ലഭിച്ചു.
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിൽ എൽഡിഎഫിലെ പി ഓമനയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. 14 സീറ്റിൽ ആറ് യുഡിഎഫ്, അഞ്ച് എൽഡിഎഫ്, മൂന്ന് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി വനിത സംവരണമാണ് പ്രസിഡൻ്റ് സ്ഥാനം. യുഡിഎഫിൽനിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. ഒരു വനിതാ അംഗത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. യുഡിഎഫ്-ബിജെപി കക്ഷികൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇന്നും യുഡിഎഫ് അംഗങ്ങൾ പങ്കെടുത്തില്ല. മേൽപ്പാടം വടക്ക് വാർഡിൽനിന്ന് ജയിച്ച പി ഓമന മുൻപ് പഞ്ചായത്ത് പ്രസിഡൻ്റായും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്.
ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡൻ്റ് സ്ഥാനാർഥിയെ സിപിഐഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചു.