ഹോസ്റ്റലില്‍ ഇരുമ്പ് കമ്പി കൊണ്ട് ഒമ്പതാംക്ലാസ്സുകാരൻ്റെആക്രമണം ; വിദ്യാര്‍ഥി കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികള്‍ക്ക് നേരെ ഇരുമ്പ് കമ്പി കൊണ്ട് ആക്രമണം നടത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി. ആക്രമണത്തില്‍ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. മറ്റ് വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ സെക്യൂരിറ്റിക്കും സംഭവത്തില്‍ പരിക്കേറ്റു. ഇവർ ബെല്ലാരി ബിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്. അദവാനി സ്വദേശിയായ ഹേമന്ത് ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. ഗുരുകുൽ റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെല്ലാരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെൻ്ററിലേക്ക് അയച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്‌ച രാത്രി അത്താഴത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
ഹോസ്റ്റലിനുള്ളിൽ കടന്ന വിദ്യാര്‍ഥി എല്ലാവരെയും ആക്രമിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജിപി പി എസ് ഹർഷ പറഞ്ഞു. "ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പെട്ടെന്ന് സഹപാഠികളെയും ഹോസ്റ്റൽ വാർഡനെയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരു ആൺകുട്ടി മരിച്ചു, മറ്റുള്ളവർ പരിക്കേറ്റ് ബെല്ലാരി ബിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്" അവർ പറഞ്ഞു.ബെല്ലാരിയിലെ ബ്രൂസ്‌പേട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അക്രമിയും ഇരയും പ്രായപൂർത്തിയാകാത്തവരാണ്. പൊലീസ് സംഘവും എഫ്‌എസ്‌എൽ സംഘവും സ്ഥലം സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സ്‌കൂള്‍ ഭരണകൂടത്തിനെതിരെ മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. കേസ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എസ്‌പി സുമൻ ഡി പന്നേക്കർ മാതാപിതാക്കള്‍ക്ക് ഉറപ്പ് നൽകി. രാത്രി ഏറെ വൈകിയാണ് മകന്‍ മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. "ഞങ്ങൾ ഇവിടെ എത്തിയപ്പോൾ, ഞങ്ങളുടെ മകൻ കൊല്ലപ്പെട്ടിരുന്നു. മാനേജ്‌മെൻ്റിൻ്റെ അനാസ്ഥ മൂലമാണ് ഈ സംഭവം നടന്നത്. തൻ്റെ മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ ഗ്രാമത്തിലെ ആൺകുട്ടിയുടെ നഷ്‌ടത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണെന്ന് പ്രസിഡൻ്റ് രാമ റെഡി പറഞ്ഞു. ഹോസ്റ്റൽ മാനേജ്മെൻ്റ് അവനെ ആക്രമിച്ച വിദ്യാർഥിയുടെ മാനസികാവസ്ഥ ശ്രദ്ധിക്കണമായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത്രാമ റെഡി പറഞ്ഞു.