നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചു!

വാരണാസി: ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസി പാണ്ഡേപൂർ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ അധ്യാപിക, സ്‌കൂൾ പ്രിൻസിപ്പൽ, മാനേജ്‌മെന്റ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പാണ്ഡേപൂർ സ്വദേശിയായ കേസരി കുമാറിന്റെ മകനാണ് അതിക്രമത്തിന് ഇരയായത്. ടോയ്‌ലറ്റിൽ പോകാൻ അധ്യാപികയായ പ്രീതി കുശ്വാഹ അനുവാദം നൽകാതിരുന്നതിനെ തുടർന്ന് കുട്ടി വസ്ത്രത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന് രോഷാകുലയായ അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ചൂടാക്കിയ കത്തി ഉപയോഗിച്ച് രഹസ്യഭാഗത്ത് പൊള്ളിക്കുകയും, ക്രൂരമായി മർദ്ദിച്ച് സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.വീട്ടിലെത്തിയ കുട്ടി നടന്ന സംഭവങ്ങൾ മാതാപിതാക്കളോട് വിവരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. കുടുംബം ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 115(2) (മനഃപൂർവ്വം പരിക്കേൽപ്പിക്കൽ), 118(1) (മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.