ബെവ്‌കോ ബ്രാന്‍ഡിക്ക് പേരു നിര്‍ദേശിച്ചാല്‍ സമ്മാനം: ബാറുകൾ ഇന്ന് രാത്രി 12 വരെ

തിരുവനന്തപുരം: പുതുവത്സര ദിനമാണ് നാളെ, . ആഘോഷമില്ലാതെ എന്തു പുതുവത്സരം എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാകില്ല. അതിനാല്‍ത്തന്നെ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്തയുമായി സർക്കാർ. സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും പ്രവർത്തന സമയം ഇന്ന് രാത്രി 12 മണി വരെ നീട്ടി. ടൂറിസം മേഖലയുടെ ഉണർവും വിനോദസഞ്ചാരികളുടെ വർധിച്ച വരവും കണക്കിലെടുത്താണ് എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ ഈ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് മദ്യശാലകളുടെ പ്രവർത്തന സമയം രാത്രി ഒരു മണിക്കൂർ ദീർഘിപ്പിച്ചു നൽകുന്നത്. സാധാരണയായി രാത്രി 11 മണി വരെയാണ് പ്രവർത്തനാനുമതിയെങ്കിലും, പുതുവത്സര ആഘോഷങ്ങൾക്കായി പ്രത്യേക ഇളവ് നൽകുകയായിരുന്നു. ആഘോഷങ്ങൾ അതിരുവിടരുതെന്നും പൊലീസിൻ്റെയും എക്സൈസിൻ്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
പുതിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങൾക്ക് നിർദശിക്കാം
പാലക്കാട് മേനോൻപാറയിൽ ബെവ്‌കോയുടെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറീസ് ലിമിറ്റഡിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ പോകുന്ന പുതിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങൾക്ക് നിർദശിക്കാമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ 2026 ജനുവരി ഏഴിനകം സമര്‍പ്പിക്കണം. അനുയോജ്യമായ പേരും ലോഗോയും നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടന വേളയില്‍ നല്‍കുന്നതാണെന്ന് ബെവ്‌കോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. [email protected] എന്ന വിലാസത്തിലാണ് പേരും ലോഗോയും നിര്‍ദേശിക്കേണ്ടത്.
ആഘോഷം കരുതലോടെ
പുതുവത്സരാഘോഷങ്ങൾക്കായി നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ബീച്ചുകളും റിസോര്‍ട്ടുകളും വിനോദസഞ്ചാരമേഖലകളുമെല്ലാം ആഘോഷരാവിനായി ഒരുങ്ങി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് വരുംദിവസങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കാർണിവലും കൊച്ചി മുസിരിസ് ബിനാലെയും പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും സജീവമായിട്ടുണ്ട്. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12ന് പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് പാരമ്യത്തിലെത്തുക. പോയ വർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത്. പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം പുതുവത്സരാഘോഷത്തെ വർണാഭമാക്കും.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം പൊലീസും ഒരുക്കിയിരിക്കുന്നത്. ലഹരി മരുന്ന് പാർട്ടികൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നിരീക്ഷണമുണ്ടാകും. ആഘോഷങ്ങൾ ആസ്വദിക്കുമ്പോൾ തന്നെ നിയമം കൈയിലെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.