ധർമ്മടത്ത് 'മുഖ്യമന്ത്രി'യോട് പോരാടുന്നത് കരുത്തനായ യുവനേതാവ്

ധർമ്മടത്ത് 'മുഖ്യമന്ത്രി'യോട് പോരാടുന്നത് കരുത്തനായ യുവനേതാവ്

കണ്ണൂര്‍: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തുടരാൻ, പിണറായി വിജയന്‍ മൂന്നാമതും മത്സരിക്കുന്ന ധര്‍മടത്ത് അദ്ദേഹത്തിനെതിരെ  യുഡിഎഫ് നിർത്തിയിരിക്കുന്നത്  കരുത്തനായ ഒരു യുവനേതാവിനെത്തന്നെയാണ്. കോണ്‍ഗ്രസിൻ്റെ  ബാലജനസംഘടനയില്‍ തുടങ്ങി പിന്നീട് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിക്കുകയും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി പി അബ്ദുള്‍ റഷീദിനെ .

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗമായ  അബ്ദുള്‍ റഷീദ് മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയാണ്. പാലയാട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബി പൂർത്തിയാക്കിയത്  പൊലീസ് സുരക്ഷയിലായിരുന്നു.ജീവന്‍ അപകടത്തിലാന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്നായിരുന്നു ഈ സംരക്ഷണം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിൻ്റെ  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടി പരാജയപ്പെട്ടുവെങ്കിലും  50000 വോട്ടില്‍ നിന്ന് വോട്ട് വിഹിതം 70000 മായി ഉയര്‍ത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പരാജയപ്പെട്ടിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ് അബ്ദുള്‍ റഷീദ് കോണ്‍ഗ്രസ് നേതൃനിരയില്‍ ശ്രദ്ധേയനാകുന്നത്..കെപിസിസി അംഗമെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയുടെ സംഘടന ചുമതലയും റഷീദിനുണ്ട് .മുസ്ലിം ലീഗ് നേതാവും എളയവൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍, പള്ളിക്കുന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍, കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന റോഷ്‌നി ഖാലിദിൻ്റെ യും റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ പി ഖാലിദിൻ്റെയും മകള്‍ ഡോ. ഷഹലയാണ് അഡ്വ.വി പി അബ്ദുള്‍ റഷീദിൻ്റെ ഭാര്യ.