സർക്കാർ സ്‌കൂളിൽ നിന്ന് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ശിവപ്രകാശം (17) എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് പാമ്പിൻ്റെ കടിയേറ്റ് മരിച്ചത്. ഹരിദ്വാരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്.തിരുവാരൂർ ജില്ലയിലെ വലങ്കൈമാൻ താലൂക്കിലെ കേതനൂർ ഗ്രാമത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ക്ലാസ് മുറിയിൽ നിന്ന് പുസ്‌തകങ്ങൾ എടുക്കുന്നതിനിടെ തറയിലുണ്ടായിരുന്ന ഒരു ചാക്കിൽ നിന്ന് പുറത്ത് കടന്ന ശംഖുവരയൻ വിദ്യാർഥിയെ കടിക്കുകയായിരുന്നു. സഹോദരി ശിവശങ്കരിയും അപകടം നടന്ന സമയത്ത് ഉണ്ടായിരുന്നു.
പാമ്പ് കടിച്ചതിനെ തുടർന്ന് നിലവിളിച്ച കുട്ടിയെ അധ്യാപകർ ഉടൻ തന്നെ തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. തീവ്രപരിചരണം നൽകിയെങ്കിലും ഇന്നലെ കുട്ടി മരിച്ചു. ഹരിദ്വാരമംഗലം പൊലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.അതേസമയം, ക്ലാസ് മുറിയിൽ പാമ്പ് എങ്ങനെ പ്രവേശിച്ചുവെന്ന് വ്യക്തമല്ല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥ സംഭവിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ആരോപിച്ചു. ഈ സംഭവം സ്ഥലത്ത് വലിയ സംഘര്‍ഷത്തിന് ഇടയാക്കി.ഇതിനെത്തുടർന്ന്, തിരുവാരൂർ ജില്ലാ ചീഫ് എഡ്യൂക്കേഷൻ ഓഫിസർ സുഗപ്രിയ, മരിച്ച വിദ്യാർത്ഥിയുടെ സ്‌കൂൾ സന്ദർശിച്ച് അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജേശ്വരിയോട് ഉത്തരവിട്ടു. കൂടാതെ, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് എഡ്യൂക്കേഷൻ ഓഫിസർ സുഗപ്രിയ മുന്നറിയിപ്പ് നൽകി. ഗ്രാമത്തിലെ മേല സ്ട്രീറ്റിൽ താമസിക്കുന്ന മുരുകാനന്ദം, രാധ എന്നീ ദമ്പതികളുടെ മകനാണ് ശിവപ്രകാശം. ശിവപ്രകാശും സഹോദരി ശിവശങ്കരിയും ഇരട്ട കുട്ടികളാണ്. ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചിരുന്നത്.