'സാഗർ കവച'യ്‌ക്ക് വിജയകരമായ പര്യവസാനം

എറണാകുളം: കേരളത്തിൻ്റെയും കേന്ദ്രഭരണ പ്രദേശമായ മാഹിയുടെയും തീരപ്രദേശങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായുള്ള രണ്ടുദിവസത്തെ തീരദേശ സുരക്ഷാ അഭ്യാസം 'സാഗർ കവച്' വിജയകരമായി പൂർത്തിയാക്കി. തീരദേശ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്സ്മെൻ്റ് വിങ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായാണ് സാഗർ കവച്ചിൽ പങ്കാളികളായത്. മാർച്ച് 12, 13 തീയതികളിലായി നടന്ന ഈ സംയുക്ത അഭ്യാസത്തിലൂടെ കടൽമാർഗമുള്ള അപ്രതീക്ഷിത വെല്ലുവിളികളെയും ഭീഷണികളെയും നേരിടാനുള്ള വിവിധ ഏജൻസികളുടെ തയ്യാറെടുപ്പുകളാണ് പ്രധാനമായും പരിശോധിച്ചത്.കടൽമാർഗമുള്ള നുഴഞ്ഞുകയറ്റവും മറ്റ് ആക്രമണങ്ങളും തടയുന്നതിനായി കരയിലും കടലിലും ആകാശത്തും അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, കോസ്റ്റ് ഗാർഡിൻ്റെ അത്യാധുനിക പട്രോളിങ് ബോട്ടുകൾ എന്നിവയ്ക്കൊപ്പം തീരദേശ പൊലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്സ്മെൻ്റ് വിങ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവയുടെ പട്രോളിങ് ബോട്ടുകളും കേരള തീരത്തുടനീളം വിന്യസിച്ചു. ഇതിനുപുറമെ, ആകാശമാർഗമുള്ള നിരീക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായുള്ള ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തു.