അജിത് പവാറിന് കണ്ണീരോടെ വിട !: സംസ്‌കാരം ഇന്ന് ബാരാമതിയിൽ

അജിത് പവാറിന് കണ്ണീരോടെ വിട !: സംസ്‌കാരം ഇന്ന് ബാരാമതിയിൽ

പൂനെ: മഹാരാഷ്‌ട്രാ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തെ സംബന്ധിച്ച റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്‌തതായി മഹാരാഷ്‌ട്ര പൊലീസ്. സംഭവം അപകട മരണമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ബാരാമതി പൊലീസ് സ്റ്റേഷനിലാണ് അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിട്ടുള്ളതെന്നും മുതിർന്ന പൂനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് നടപടിക്രമമനുസരിച്ച് അപകട മരണ റിപ്പോർട്ട് മഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് (സിഐഡി) കൈമാറുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണത്തിലായിരിക്കും തുടർ നടപടികൾ. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എഎഐബി, അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇതിനകം ഏറ്റെടുത്തിട്ടുണ്ട് വിവിധ വൃത്തങ്ങൾ പറഞ്ഞു.പൊതുജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള ജനപ്രതിനിധിയോ പ്രശസ്‌ത വ്യക്തിയോ അപകടത്തിൽ മരിച്ചാൽ, അന്വേഷണം നടത്തുന്നത് ഹാരാഷ്ട്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇതുവരെ ഉത്തരവുകളൊന്നും അന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടില്ല. പക്ഷേ, ഉത്തരവുകൾ ലഭിക്കാനും ലോക്കൽ പൊലീസിൽ രജിസ്റ്റർ ചെയ്‌ത അപകട മരണ റിപ്പോർട്ടിനെ കുറിച്ച് അന്വേഷണം ആരംഭിക്കാനും സാധ്യതയുണ്ട്," ഉദ്യാഗസ്ഥൻ വിശദീകരിച്ചു.

സംസ്‌കാര ചടങ്ങുകൾ ഇന്ന്

ബാരാമതിയിലുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പവാർ കുടുംബം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാ പ്രതിഷ്‌ഠാൻ ഗ്രൗണ്ടിൽ ഇന്ന്(വ്യാഴാഴ്‌ച) രാവിലെ 11 മണിക്ക് സംസ്ഥാന ബഹുമതികളോടെയാകും ചടങ്ങുകൾ നടക്കുക. ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് മൃതദേഹം ബാരാമതിയിൽ എത്തിച്ചത്.

കണ്ണീരണിഞ്ഞ് ബാരാമതി

അജിത് പവാറിൻ്റെ മരണത്തിൽ ദുഃഖിതരായി ബാരാമതി നിവാസികൾ. തങ്ങളുടെ പ്രിയ നേതാവ് വിടപറഞ്ഞത് ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ. "അജിത് ദാദാ അമർ രഹേ", "അജിത് ദാദാ പരത് യാ" (അജിത് ദാദാ നീണാൾ വാഴട്ടെ; അജിത് ദാദാ, തിരിച്ചുവരിക) എന്നാണ് ജനങ്ങൾ അജിത് പവാറിനായി വിളിച്ചുകൊണ്ടിരുന്ന മുദ്രാവാക്യം. ജന്മനാടായ ബാരാമതിയിലെ വിദ്യാ പ്രതിഷ്‌ഠാനിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി ആളുകളാണ് എത്തിയത്.

ഇന്നലെ രാവിലെയാണ്  മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം തകർന്നുവീണത്. 2026 ഫെബ്രുവരി അഞ്ചിന് നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിനായി പൂനെയിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന നാല് പേരും മരിച്ചിരുന്നു.15,000 മണിക്കൂർ പറക്കൽ പരിചയമുള്ള ക്യാപ്റ്റൻ സുമിത് കപൂർ, 1,500 മണിക്കൂർ പറക്കൽ പരിചയമുള്ള സഹപൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ (പിഎസ്ഒ) വിദിപ് ജാദവ്, ഫ്ലൈറ്റ് അറ്റൻഡൻ്റ് പിങ്കി മാലി എന്നിവരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. സംഭവം അപകട മരണം മാത്രമാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയില്ലെന്നും എൻസിപി നേതാവും അജിത് പവാറിൻ്റെ അമ്മാവനുമായ ശരദ്‌ പവാർ പ്രതികരിച്ചിരുന്നു.

https://www.worldm.news/mumbai/leaders-pay-tribute-to-ajit--17186