കോടതിയിൽ സാക്ഷി പറഞ്ഞ യുവാവിനെ ഗുണ്ടാസംഘം വഴിയിൽ തടഞ് വെട്ടിവീഴ്ത്തി

തിരുവനന്തപുരം: കഠിനംകുളം ചിറ്റാട്ടുമുക്കിൽ ഗുണ്ടാ ആക്രമണക്കേസിൽ കോടതിയിൽ നിർണ്ണായക സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ ശ്രമം . മാരകായുധങ്ങളുപയോഗിച്ചുള്ള വെട്ടേറ്റ ചിറ്റാട്ടുമുക്ക് സ്വദേശി ഫെബിന് (37) ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ വർഷമാണ് ഇതേ പ്രതികൾ ഉൾപ്പെട്ട ക്രിമിനൽ സംഘം ഫെബിന്റെ അടുത്ത സുഹൃത്തിനെ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചത്. ഈ വധശ്രമക്കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്നു ഫെബിൻ. അക്രമികൾ എത്ര ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതെ അടുത്തിടെ ഫെബിൻ കോടതിയിൽ പ്രതികൾക്കെതിരെ കൃത്യമായി സാക്ഷി പറഞ്ഞിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യവും പ്രതികാരബുദ്ധിയുമാണ് പുതിയ വധശ്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.അന്നത്തെ സുഹൃത്തിനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ വിനോജ്, ക്ലിന്റൺ എന്നിവർ നേരിട്ടെത്തിയാണ് ഫെബിനെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയത്. ഇരുവരും തലസ്ഥാനത്തെ കടുത്ത കുറ്റവാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ‘പഞ്ചായത്ത് ഉണ്ണി’യുടെ സജീവ ഗുണ്ടാസംഘത്തിലെ പ്രധാന അംഗങ്ങളാണ്. ആക്രമണത്തിൽ ഫെബിന്റെ തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഫെബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അക്രമിസംഘം അടിച്ചുതകർത്തു. രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാരാണ് ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഫെബിൻ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി കഠിനംകുളം പോലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.