"വനിതാമാധ്യമ പ്രവർത്തകരെ ഒഴിവാക്കിയത് സാങ്കേതിക തകരാര്‍ മൂലം ":ആമിർ ഖാൻ മുത്താക്കി
ന്യുഡൽഹി :വാര്‍ത്താസമ്മേളനത്തിൽ വനിതാമാധ്യമ പ്രവർത്തകരെ ഒഴിവാക്കിയത് വിവാദമായപ്പോൾ പ്രതികരണവുമായി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി.ഒഴിവാക്കിയത് മനപ്പൂർവമല്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും മുത്താക്കി അറിയിച്ചു."വാര്‍ത്താസമ്മേളനം വളരെ ചുരുങ്ങിയ നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ മാധ്യമപ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയിരുന്നു. നിർദിഷ്‌ട വ്യക്തികളെ മാത്രമാണ് ഉൾപ്പെടുത്തിയത്. അല്ലാത്തപക്ഷം ഇത് സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. തുടർന്ന് വനിതാമാധ്യമപ്രവർത്തകരെ പ്രത്യേകമൊരു വാർത്താസമ്മേളനത്തിൽ ഉൾപ്പെടുത്താം എന്ന് തീരുമാനിക്കുകയായിരുന്നു. ഇതല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല" എന്ന് അദ്ദേഹം വ്യക്തമാക്കി .ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം, സഹായങ്ങൾ, വ്യാപാര പാതകൾ, സുരക്ഷാ സഹകരണം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ മുത്താക്കി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. തെരഞ്ഞെടുത്ത പുരുഷ മാധ്യമ പ്രവർത്തകരും അഫ്‌ഗാൻ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഡൽഹിയിലെ അഫ്‌ഗാനിസ്ഥാൻ എംബസിയിൽ നടന്ന മുത്താക്കിയുടെ വാര്‍ത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു . തുടർന്ന് ഇതിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ലെന്ന കേന്ദ്രസർക്കാറിൻ്റെ പ്രസ്‌താവനയും വരികയുണ്ടായി .സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഈ പ്രവൃത്തി ഇന്ത്യയിലെ വനിതാ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു.
"ജനാധിപത്യത്തിൻ്റെ മാതാവ് ജിഹാദിന്‍റെ പിതാവായ താലിബാനെ പുണരുന്നു"
ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചാണ് ബിജെപി സർക്കാർ താലിബാനുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് മെഹബൂബ മുഫ്‌തി ആരോപിച്ചു."ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ്, കൗ ജിഹാദ് "എന്നീ പേരുകൾ ഉപയോഗിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും വർഗീയ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
ജനാധിപത്യത്തിൻ്റെ മാതാവായ ഇന്ത്യ ബിജെപിയ്‌ക്ക് കീഴിൽ ജിഹാദിൻ്റെ പിതാവായ താലിബാനെ സ്വീകരിക്കുകയാണെന്ന് മെഹബൂബ മുഫ്‌തി എക്‌സിൽ കുറിച്ചു. വിദ്യാഭ്യാസ സകോളർഷിപ്പുകൾ ഉൾപ്പടെ അഫ്‌ഗാനിസ്ഥാൻ്റെ പുനർനിർമാണത്തിന് ഇന്ത്യ സഹായം നൽകുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവകാശങ്ങളും അവസരങ്ങളും നിഷേധിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.കൂടാതെ, താലിബാൻ മന്ത്രി ആമിർ ഖാൻ മുത്താഖി യുപിയിലെ സഹാറപൂരിൽ ദാറുൽ ഉലൂം ദിയോബന്ദി സന്ദർശിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും ഇവർ വിമർശനം ഉന്നയിച്ചു. അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ സുസ്ഥിരവും ഐക്യമുള്ളതുമായ ഒരു രാഷ്ട്രത്തിൻ്റെ അടിത്തറ സ്വന്തം അതിർത്തികൾക്കുള്ളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തിൻ്റെ വിശ്വാസവും ബഹുമാനവും സമത്വവും വളർത്തിയെടുക്കുന്നതിലാണെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.

