ശബരിമല: നാലാം ദിവസം ദർശനം നടത്തിയത് 3 ലക്ഷത്തോളം ഭക്തർ

ശബരിമല:  നാലാം ദിവസം ദർശനം നടത്തിയത് 3 ലക്ഷത്തോളം ഭക്തർ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദർശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തർ. നവംബർ 19ന് വൈകിട്ട് അഞ്ച് വരെ 2,98,310 പേരാണ് സന്നിധാനത്ത് എത്തിയത്. നവംബർ 16ന് 53,278 പേരും, 17ന് 98,915 പേരും, 18ന് 81,543 പേരും, നവംബർ 19ന് വൈകിട്ട് അഞ്ച് വരെ 64,574 പേരുമാണ് ദർശനം നടത്തിയ ഭക്തരുടെ കൃത്യമായ കണക്ക്.

ശബരിമലയിൽ വർച്വൽ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് ദർശനം ലഭിച്ചില്ലെങ്കിൽ അത് പൊലീസിനെ ബോധിപ്പിച്ചാൽ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനകാലം മുഴുവനായി 18000ൽ അധികം പൊലീസുകാരെയാണ് വിന്യസിക്കുക. ഇതിൻ്റെ ഭാഗമായി നിലവിൽ 3500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം 1700ൽ അധികം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്.സന്നിധാനത്ത് ദർശനത്തിനായി എത്തുന്ന അയ്യപ്പൻമാർക്ക് വിപുലമായ ചികിത്സാ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. ശബരിമലയിലെ വലിയ നടപ്പന്തൽ ആരംഭിക്കുന്നതിൻ്റെ വലതുവശത്തായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിൻ്റെ ആശുപത്രിയിൽ ഭക്തർക്ക് ആധുനിക നിലവാരത്തിലുള്ള ചികിത്സാ സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി സേവനം എന്നിവയ്ക്ക് പുറമെ ലാബ്, എക്സ് റേ, ഇസിജി, ഓപറേഷൻ തിയേറ്റർ, അഞ്ച് കിടക്കകളുള്ള ഐസിയു വാർഡ്, 18 കിടക്കകളുള്ള വാർഡ് എന്നിവയും ഇവിടെ സജ്ജമാണ്. സാധാരണ മരുന്നുകൾക്ക് പുറമെ ഹൃദയാഘാതത്തിനുള്ള മരുന്ന്, പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ, ആൻ്റി സ്നേക്ക് വെനം എന്നിവയും ആരോഗ്യവകുപ്പ് കരുതിയിട്ടുണ്ട്. കോന്നി, കോട്ടയം മെഡിക്കൽ കോളജുകൾ റെഫറൽ ആശുപത്രികളായും സജ്ജമാണ്.കാർഡിയോളജിസ്റ്റ്, ഫിസിഷൻ, ഓർത്തോപീഡിഷൻ, ജനറൽ സർജൻ, അനസ്തേഷ്യോളജിസ്റ്റ്, അസിസ്റ്റൻ്റ് സർജൻ എന്നീ വിദഗ്ധ ഡോക്ടർമാരുടെയുൾപ്പടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗത്തിനായി ഒരു ആംബുലൻസും സജ്ജമാണ്. സന്നിധാനത്തോടൊപ്പം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ആശുപത്രികൾ പ്രവർത്തിക്കുന്നു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകളും ചരൽമേട്, കരിമല എന്നിവിടങ്ങളിൽ ഡിസ്പെൻസറികളും പ്രവർത്തിക്കുന്നുണ്ട്.പമ്പ മുതൽ സന്നിധാനം വരെ 17ഉം എരുമേലി-കരിമല കാനന പാതയിൽ അഞ്ചും അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പമ്പ മുതൽ സന്നിധാനം വരെ എവിടെ അത്യാഹിതം ഉണ്ടായാലും 04735 203232 എന്ന ടോൾ ഫ്രീ എമർജൻസി കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകുമ്പോഴേക്കും ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ലഭ്യമാകും. കൺട്രോൾ റൂമിൽ നിന്ന് നേരിട്ടല്ലാതെ ആംബുലൻസ് വിളിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി.