"ഛത്തീസ്‌ഗഡിലെ അബുജ്‌മർ ഇനി നക്‌സൽ രഹിത മേഖല" :അമിത് ഷാ.170 മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്‌പൂര്‍: മഹാരാഷ്ട്രയിൽ 61മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങി രണ്ടുദിവസം പിന്നിടുംമുമ്പേ ഛത്തീസ്‌ഗഡിലെ അബുജ്‌മർ പ്രദേശം നക്‌സൽ രഹിത കേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . 170 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയതൊടെയാണ് വടക്കൻ ബസ്‌തറിലെ അബുജ്‌മർ കുന്നുകള്‍ നക്‌സല്‍ മുക്ത മേഖലയായി ഷാ പ്രഖ്യാപിച്ചത്. തെക്കൻ ബസ്‌തറിൽ അവശേഷിപ്പിക്കുന്ന നക്‌സലിസത്തിൻ്റെ അടയാളങ്ങൾ ഉടൻ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.മല്ലോജുല വേണുഗോപാൽ റാവുവിൻ്റെ കീഴടങ്ങലിന് പിന്നാലെ ഛത്തീസ്‌ഗഢിലെയും തെലങ്കാനയിലെയും ഉന്നത നക്‌സലൈറ്റുകൾ വരും ദിവസങ്ങളിൽ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2026 ആകുമ്പോഴേക്കും രാജ്യത്ത് നിന്നും പൂർണമായും മാവോയിസം തുടച്ചുനീക്കുമെന്ന് അമിത്ഷാ പറഞ്ഞു.
ഒന്നുരണ്ടു ദിവസങ്ങൾക്കു മുമ്പ് ബോംബ് സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകാരനെ എൻഐഎ ഉദ്യോഗസ്ഥർ ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് പിടികൂടിയിരുന്നു. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബു ആണ് പിടിയിലായത്. ഇയാള്‍ ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്‌തു വരികയായിരുന്നു.
രാജ്യത്തുടനീളം നക്‌സലൈറ്റുകളെ നിരായുധീകരിക്കുന്നതിനായി നടത്തുന്ന കേന്ദ്ര സർക്കാർ ഓപ്പറേഷൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 258 മവോയിസ്റ്റുകള്‍ അക്രമം ഉപേക്ഷിച്ചതായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് അക്രമം ഉപേക്ഷിക്കാനുള്ള അവരുടെ തീരുമാനത്തെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. അതേസമയം നക്‌സലിസത്തിൻ്റെ പാതയിൽ തുടരുന്നവരോട് ആയുധം താഴെ വച്ച് കീഴടങ്ങാനും ഷാ അഭ്യര്‍ഥിച്ചു.
"ഇന്ന്, ഛത്തീസ്‌ഡിൽ 170 നക്‌സലൈറ്റുകൾ കീഴടങ്ങി. ഇന്നലെ സംസ്ഥാനത്ത് 27 പേർ ആയുധം താഴെ വച്ചു. മഹാരാഷ്ട്രയിൽ, ഇന്നലെ 61 പേർ മുഖ്യധാരയിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 258 ഇടതുപക്ഷ തീവ്രവാദികൾ അക്രമം ഉപേക്ഷിച്ചു.ഇനിയും കീഴടങ്ങാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നു, തോക്ക് ഉപയോഗിക്കുന്നത് തുടരുന്നവരെ ഞങ്ങളുടെ സേന നേരിടും. നക്‌സലിസത്തിൻ്റെ പാതയിൽ ഇപ്പോഴും തുടരുന്നവരോട് ആയുധം താഴെ വച്ച് മുഖ്യധാരയിൽ ചേരാൻ ഞാൻ വീണ്ടും അഭ്യർഥിക്കുന്നു. 2026 മാർച്ച് 31ന് മുമ്പ് നക്‌സലിസത്തെ വേരോടെ പിഴുതെറിയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അമിത് ഷാ എക്‌സില്‍ കുറിച്ചു.