പിഎം ശ്രീ :വിദ്യാർഥി സമൂഹം പദ്ധതിയോടൊപ്പമെന്ന് എബിവിപി

പിഎം ശ്രീ :വിദ്യാർഥി സമൂഹം പദ്ധതിയോടൊപ്പമെന്ന് എബിവിപി

കോട്ടയം: പിഎം ശ്രീ പ്രോജക്‌ടിനെ എതിർക്കുന്നവരെ ജനം തള്ളിക്കളയുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വര പ്രസാദ്. കോൺഗ്രസ്‌ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതിയിൽ ഒപ്പു വച്ചിട്ടുണ്ട്. എബിവിപിയുടെ സമര പോരാട്ടത്തിലൂടെ നേടിയ വിജയമാണിതെന്നും ഈശ്വര പ്രസാദ് കൂട്ടിച്ചേർത്തു."കേരളത്തിലെ വിദ്യാർഥി സമൂഹം പദ്ധതിയെ അനുകൂലിക്കുന്നു. ആധുനിക സാഹചര്യത്തിൽ മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. വിദ്യാർഥികൾ, അധ്യാപകർ, യുവാക്കൾ എന്നിവർ പദ്ധതിയെ അനുകൂലിക്കുന്നു. അതിൽ രാഷ്‌ട്രീയമുള്ള വ്യക്തികൾ മാത്രം ഇതിനെ എതിർത്തേക്കാം" - ഈശ്വര പ്രസാദ് ആരോപിച്ചു.

മുന്നണി മര്യാദ പാലിക്കണമെന്ന്  മന്ത്രി എ കെ ശശീന്ദ്രൻ

കാസർകോട്:  എല്ലാ പാർട്ടികളും മുന്നണി മര്യാദ പാലിക്കണമെന്ന്  മന്ത്രി എ കെ ശശീന്ദ്രൻ." എൻസിപി നിലപാട് മുന്നണി യോഗത്തിൽ അറിയിക്കും. ഇതുവരെ വിഷയം ചർച്ചയായിട്ടില്ല. ധാരണ പത്രത്തിൽ ഒപ്പിട്ടതും അറിഞ്ഞിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം ഗൗരവമായി ഇടത് മുന്നണി ചർച്ച ചെയ്യുമെന്നും അത്ഭുതങ്ങൾ ഒന്നും സംഭവിക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയെ അവഗണിക്കേണ്ടതില്ല 

കോട്ടയം: പിഎം ശ്രീ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ്‌. പിഎം ശ്രീയെ പൂർണമായും അവഗണിക്കേണ്ടതില്ലെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഒരു പദ്ധതി കേന്ദ്രത്തിൻ്റേത് ആയതുകൊണ്ട് മാത്രം ഒഴിവാക്കണമെന്ന് കേരള കോൺഗ്രസിന് അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി."പദ്ധതിയിൽ എന്തെങ്കിലും ഹിഡൻ അജണ്ട ഉണ്ടെങ്കിൽ അതിനെയെല്ലാം ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് കേരള സർക്കാരിനുണ്ട്. കോൺഗ്രസ്‌ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും പദ്ധതിയിൽ ഒപ്പ് വച്ചിട്ടുണ്ട്. ഇടതു മുന്നണിക്കുള്ളിലെ തർക്കങ്ങൾ സംസാരിച്ചു പരിഹരിക്കും. സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. കേരള കോൺഗ്രസിനും മുൻപ് പല കാര്യങ്ങളിലും വിയോജിപ്പുകൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചു" - ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.