ട്രക്കിൽ അമിതവേഗതയിൽ എത്തിയ ടെമ്പോ ട്രാവലർ ഇടിച്ചുകയറി; 15 മരണം

ജോധ്പൂർ : എക്‌പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ടെമ്പോ ട്രാവലർ ഇടിച്ച് ദുരന്തം. 15 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്‌ച വൈകുന്നേരം ഫലോദി ജില്ലയിലെ മതോഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭാരത്മാല എക്‌സ്‌പ്രസ് വേയിൽ ആണ് ദാരുണ സംഭവം. പൊലീസ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിവരികയാണെന്ന് ഫലോദി പൊലീസ് സൂപ്രണ്ട് കുന്ദൻ കൻവാരിയ പറഞ്ഞു. പരിക്കേറ്റ രണ്ട് പേർ ഒസിയാൻ ആശുപത്രിയിൽ ആണ്.സംഭവസ്ഥലത്ത് കൂടുതൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നു. മതോഡയിലെ ഹനുമാൻ സാഗർ ജങ്‌ഷന് സമീപമാണ് അപകടം നടന്നതെന്ന് ഫലോദി പൊലീസ് സ്റ്റേഷൻ ഓഫിസർ അമാനാറാം പറഞ്ഞു. കൊളായത്ത് സന്ദർശിക്കാൻ പോയ ജോധ്പൂരിലെ സുർസാഗറിൽ നിന്നുള്ള ഒരു കുടുംബമാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. സന്ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
വാഹനത്തിൽ കുടുങ്ങിയ മൃതദേഹങ്ങൾ
ടെമ്പോ ട്രാവലർ വളരെ വേഗത്തിലായിരുന്നു, ഇടിയുടെ ആഘാതത്തില്‍ ട്രക്ക് പൂർണമായും തകർന്നു. യാത്രക്കാർ സീറ്റുകളിൽ കുടുങ്ങി. മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിൽ പൊലീസിന് വലിയ ബുദ്ധിമുട്ട് നേരിട്ടു.എക്‌പ്രസ് വേയിലെ വാഹനമോടിക്കുന്നവരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒസിയനിൽ എത്തിയ പരിക്കേറ്റവരെ ജോധ്പൂരിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ജോധ്പൂർ പൊലീസ് കമ്മിഷണർ ഓം പ്രകാശ് മഥുരാദാസ് മാത്തൂർ ആശുപത്രിയിൽ എത്തി, സൂപ്രണ്ട് ഡോ. വികാസ് രാജ്‌പുരോഹിതിനൊപ്പം പരിക്കേറ്റവരുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്‌തു.