ഗോവധമാരോപിച്ച് നാസിർ- ജുനൈദ് എന്നിവരെ കത്തിച്ച് കൊന്ന കേസിലെ പ്രതിക്ക് പൂമാലയിട്ട് സ്വീകരണം

ചണ്ഡീഗഡ്: ഗോവധം ആരോപിച്ച് നാസിർ- ജുനൈദ് എന്നിവരെ തട്ടിക്കൊണ്ട് പോയി കത്തിച്ച് കൊന്ന കേസിലെ പ്രതിയ്‌ക്ക് ജാമ്യം കിട്ടിയതോടെ മാലയിട്ട് സ്വീകരിച്ച് ഭജ്‌റംഗ് ദള്‍ പ്രവർത്തകർ. ഇരട്ട കൊലപാതകക്കേസിലെ പ്രതിയായ മോനു മനേസറിന് കോടതി ജാമ്യം അനുവദിച്ചതോടെയാണ് മാലയും ആരവങ്ങളുമായി പ്രവർത്തകർ തടിച്ച് കൂടിയത്.

2023 ഫെബ്രുവരി 15 ന് ജുനൈദ്, നസീർ എന്ന രണ്ട് യുവാക്കളെ കാണാതാവുന്നത്. ഒരു ദിവസത്തിനുശേഷം, ഫെബ്രുവരി 16 ന് ഹരിയാനയിലെ ഭിവാനി ജില്ലയിൽ കത്തിക്കരിഞ്ഞ ഒരു ബൊലേറോ കാറിൽ ഇരുവരുടെയും കത്തിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജയ്‌പൂർ ഹൈക്കോടതിയാണ് മോനു മനേസറിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം ജാമ്യം കിട്ടി ഭരത്പൂരിലെ സേവാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മോനു മനേസറിന് വൻ സ്വീകരണം നൽകി ഗോ സംരക്ഷകരും ഭജ്‌റംഗ് ദള്‍ പ്രവർത്തകരും വരവേൽക്കുകയായിരുന്നു. ഹരിയാനയിൽ നിന്നുള്ള ഭജ്‌റംഗ് ദള്‍ പ്രവർത്തകരും അനുയായികളും ഗോ സംരക്ഷകരും ഹാരമണിഞ്ഞ് സ്വീകരിക്കാൻ ഭരത്പൂരിലെത്തിയിരുന്നു.
വൈകുന്നേരം 7:30 ഓടെ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ച് മോനു മനേസറിനെ ജയിലിൽ നിന്ന് അനുയായികൾ പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് കാറിൽ ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുകയും അവിടെ ഉജ്ജ്വല സ്വീകരണം നൽകുകയും ചെയ്‌തു. അയാളുടെ അനുയായികൾ ഡ്രമ്മുകളുടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ നൃത്തം ചെയ്‌ത് 'ഗോ മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചാണ് പുഷ്‌പമാല അണിയിച്ചത്.