എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനെതിരെ കർശന നടപടി; സിജിഡി പൈപ്പ്‌ലൈൻ അംഗീകാരം വേഗത്തിലാക്കാൻ നിർദേശം

ന്യൂഡൽഹി:രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 12,000 ത്തിലധികം റെയ്‌ഡുകൾ നടത്തുകയും 15,000 ത്തിലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള നാഷണൽ മീഡിയ സെൻ്ററിൽ നടന്ന വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ സർക്കാർ അറിയിച്ചു."രാജ്യത്തുടനീളമുള്ള എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി, പൊതുമേഖലാ എണ്ണ വിപണന കമ്പനികളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും എൽപിജി വിതരണക്കാരിലും 2,500 ലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്", എന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.കൂടാതെ പെട്രോളിയം, പ്രകൃതിവാതകം, തുറമുഖങ്ങൾ, ഷിപ്പിങ്, ജലപാത, ഇന്ധന വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവയെക്കുറിച്ചും വിശദീകരണമുണ്ടായി.
മതിയായ അസംസ്‌കൃത എണ്ണ ശേഖരം രാജ്യത്തുണ്ട്
നിലവിൽ എല്ലാ എണ്ണശുദ്ധീകരണ ശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മതിയായ അസംസ്‌കൃത എണ്ണ ശേഖരം നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. "പെട്രോൾ, ഡീസൽ ഉത്‌പ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്‌തത പുലർത്തുന്നുണ്ടെന്നും ആഭ്യന്തര ആവശ്യം നിറവേറ്റാൻ ഇറക്കുമതി ആവശ്യമില്ലെന്നും", മന്ത്രാലയം പറഞ്ഞു. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിതരണം നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, എൽപിജി വിതരണം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എൽപിജി വിതരണക്കാരിൽ ഡ്രൈ-ഔട്ടുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പ്പാദനം ഏകദേശം 38 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. "ഓൺലൈൻ എൽപിജി ബുക്കിങുകൾ ഏകദേശം 94 ശതമാനമായി വർധിച്ചു. ആഭ്യന്തര എൽപിജി സിലിണ്ടർ വിതരണം സാധാരണപോലെ തുടരുന്നു", മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രകൃതിവാതകത്തിൻ്റെ കാര്യത്തിൽ, മുൻഗണനാ മേഖലകൾക്ക് സംരക്ഷിത വാതക വിതരണം തുടരുന്നു. ഇതിൽ PNG, CNG എന്നിവയുടെ 100 ശതമാനം വിതരണം ഉൾപ്പെടുന്നു. അതേസമയം വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം ഏകദേശം 80 ശതമാനമായി നിയന്ത്രിക്കപ്പെടുന്നു. നഗരപ്രദേശങ്ങളിലെ വാണിജ്യ എൽപിജി ഉപഭോക്താക്കളെ PNG-യിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഹോട്ടലുകൾ, റെസ്‌റ്റോറൻ്റുകൾ, ആശുപത്രികൾ, ഹോസ്‌റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അംഗീകൃത സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങളിൽ നിന്ന് PNG കണക്ഷനുകൾ ലഭിക്കും എന്നും പറഞ്ഞു.
"IGL, MGL, GAIL ഗ്യാസ്, BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾക്ക് പ്രോത്സാഹനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. സർക്കാർ CGD ശൃംഖല വികസിപ്പിക്കുകയാണ്. കൂടാതെ CGD പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള അംഗീകാരങ്ങൾ വേഗത്തിലാക്കാനും ഡീമെഡ് പെർമിഷൻ നൽകാനും, ഓഫ് റോഡ് പുനസ്ഥാപനവും അനുമതി നിരക്കുകളും ഒഴിവാക്കാനും, ജോലി സാഹചര്യങ്ങൾ ലഘൂകരിക്കാനും, വേഗത്തിലുള്ള വിതരണം പിന്തുണയ്ക്കുന്നതിന് നോഡൽ ഓഫിസർമാരെ നിയമിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്", മന്ത്രാലയം പറഞ്ഞു.
മണ്ണെണ്ണയുടെ കാര്യത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. എൽപിജി വിതരണത്തിലെ സമ്മർദം ലഘൂകരിക്കുന്നതിനായി 2026 മാർച്ച് 14 ലെ എൽപിജി നിയന്ത്രണ ഉത്തരവ് ഭേദഗതി പ്രകാരം പിഎൻജി ഉപഭോക്താക്കൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. തുല്യമായ വിതരണം ഉറപ്പാക്കാൻ നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേളകൾ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും ആയി പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
"എൽപിജി ആവശ്യകതയിലെ സമ്മർദം കുറയ്ക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സ്വീകരിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ ഡിജിറ്റൽ ബുക്കിങുകൾ പ്രോത്സാഹിപ്പിക്കുകയും പാനിക് ബുക്കിങുകൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ നിരവധി സംസ്ഥാനങ്ങളിൽ വാണിജ്യ എൽപിജി വിതരണം ആരംഭിച്ചിട്ടുണ്ട്", എന്നും വിശദീകരിച്ചു.
പൊതുജനോപദേശം
വീടുകൾക്കും അവശ്യ മേഖലകൾക്കും ആവശ്യത്തിന് എൽപിജി വിതരണങ്ങൾ തുടരുന്നതിനാൽ പൗരന്മാർ പരിഭ്രാന്തരാകരുതെന്ന് നിർദേശിക്കുന്നു. IVRS, SMS, WhatsApp, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാം.PNG, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാനും ഊർജ്ജം ലാഭിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും കിംവദന്തികൾ ഒഴിവാക്കാനും നിർദേശിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിങ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ സമുദ്ര പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം ഏറ്റവും പുതിയ നിലപാട് പങ്കുവയ്‌ക്കുകയുണ്ടായി. മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന ഒരു പ്രശ്‌നവും റിപ്പോർട്ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞു.
നിലവിൽ 611 ഇന്ത്യൻ നാവികരുള്ള 22 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും ദക്ഷിണേഷ്യയിൽ തുടരുന്നു. കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു.ഗൾഫിലുടനീളമുള്ള വിമാനത്താവളങ്ങളിൽ നിന്നും പ്രാദേശിക ഇടങ്ങളിൽ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 447 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോകാൻ ഡിജി ഷിപ്പിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. എൽപിജി കാരിയർ കപ്പലായ ശിവാലിക് മുന്ദ്ര തുറമുഖത്ത് എത്തി, ചരക്ക് നീക്കം പുരോഗമിക്കുകയാണ്. അതേസമയം കപ്പൽ നന്ദ ദേവി ഇന്ന് പുലർച്ചെ കണ്ട്‌ലയിൽ എത്തി. എന്നൂർ, ഹാൽഡിയ എന്നിവയുൾപ്പെടെ കിഴക്കൻ തീരത്തേക്ക് മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചതായും കൂട്ടിച്ചേർത്തു.പ്രധാന തുറമുഖങ്ങൾ കപ്പലുകളുടെ നീക്കങ്ങളും ചരക്ക് പ്രവർത്തനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്‌നറുകൾക്കായി വി ഒ ചിദംബരനാർ പോർട്ട് അതോറിറ്റി (VOCPA) നൽകുന്ന ഏകദേശം 90,000 ചതുരശ്ര മീറ്റർ പോലുള്ള അധിക സംഭരണ സ്ഥലം ഉൾപ്പെടെ ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു.പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം ഷിപ്പിംഗ് നീക്കങ്ങൾ, തുറമുഖ പ്രവർത്തനങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ച എന്നിവ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.